ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടന ; വരുണ്‍ ഗാന്ധി പുറത്ത്

ലംഖിപൂരിലെ കര്‍ഷക കൂട്ടക്കൊലയെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് വരുണ്‍ ഗാന്ധിയെയും മേനകാ ഗാന്ധിയെയും ഒഴിവാക്കി. കേരളത്തില്‍ നിന്ന് വി.മുരളീധരനും കുമ്മനം രാജശേഖരനും സമിതിയിലുണ്ട്. പി.കെ.കൃഷ്ണദാസ്, ഇ.ശ്രീധരന്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. ദേശീയ നിര്‍വാഹകസമിതിയില്‍ 80 അംഗങ്ങളാണ് ഉള്ളത്. നേരത്തേ സമിതിയില്‍ ഉണ്ടായിരുന്ന ഒ. രാജഗോപാല്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരേയും ഒഴിവാക്കി. നിര്‍വാഹക സമിതി യോഗം ചേര്‍ന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു എന്ന് വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സമിതി പുനസംഘടിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള ലോക്സഭാ അംഗമാണ് വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പുര്‍ എംപിയാണ് മനേക. ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മനേക ഗാന്ധിയെ രണ്ടാം മോദി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ലഖിംപുര്‍ സംഘര്‍ഷത്തിന്റെ വീഡിയോ രണ്ട് തവണ ട്വീറ്റ് ചെയ്ത വരുണിന്റെ നടപടി നേരത്തെ ചര്‍ച്ചയായിരുന്നു. ലഖീംപൂര്‍ സംഘര്‍ഷത്തില്‍ കര്‍ഷകരെ അനുകൂലിച്ചുള്ള നിലപാടാണ് വരുണ്‍ സ്വീകരിച്ചിരുന്നത്. നിരപരാധികളായ കര്‍ഷകരുടെ ജീവനെടുക്കാന്‍ കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വരുണ്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ശോഭാ സുരേന്ദ്രനെയും ഒഴിവാക്കിയിട്ടുണ്ട്.