സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി എയര്‍ ഇന്ത്യ ; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രം

കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കൈമാറ്റം 18,000 കോടി രൂപയ്ക്ക്. അടുത്ത സാമ്പത്തിക വര്‍ഷം കൈമാറ്റം പൂര്‍ത്തിയാകും. 67 വര്‍ഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റയിലേക്ക് എത്തുന്നത്. നേരത്തെ ടാറ്റ എയര്‍ലൈന്‍സാണ് ദേശസാത്കരിച്ച് എയര്‍ ഇന്ത്യയാക്കിയത്. കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയര്‍ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നല്‍കിയത്. ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തില്‍ എടുത്താകും നടപടി പൂര്‍ത്തിയാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ കൈമാറ്റ നടപടി പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാള്‍ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. അജയ് സിംഗ് വാഗ്ദാനം ചെയ്തത് ഇതിലും കുറവ് തുകയാണ്. എയര്‍ ഇന്ത്യ എന്നിവയുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയും. ഈ സ്വകാര്യവത്കരണ ടെണ്ടറില്‍ പങ്കെടുത്തത് ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് ഉടമയായ അജയ് സിങുമാണ്. ബിസിനസ് ഗ്രൂപ്പെന്ന നിലയിലാണ് ടാറ്റ സണ്‍സ് ടെണ്ടറില്‍ പങ്കെടുത്തത്. അതേസമയം അജയസ് സിങ് വ്യക്തിപരമായ നിലയിലാണ് പങ്കെടുത്തത്.

അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതിയുടെ അന്തിമ തീരുമാനം വരും മുന്‍പ് തന്നെ വാര്‍ത്ത പുറത്തായിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു. 1932 ലാണ് ടാറ്റ തങ്ങളുടെ എയര്‍ലൈന്‍ സ്ഥാപിച്ചത്. ടാറ്റ കുടുംബം തങ്ങളുടെ കുടുംബ ബിസിനസായി സ്ഥാപിച്ച ടാറ്റ എയര്‍ലൈന്‍സിനെ പിന്നീട് എയര്‍ ഇന്ത്യയാക്കി. കേന്ദ്രസര്‍ക്കാരിന്റെ ദേശസാത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു വിമാനക്കമ്പനിയെ ഏറ്റെടുത്തത്. 68 വര്‍ഷം കൊണ്ട് കരകയറാനാവാത്ത നിലയില്‍ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് എയര്‍ ഇന്ത്യ വീണു. ഇതോടെയാണ് വിമാനക്കമ്പനിയെ വിറ്റ് കാശാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
2020 ജനുവരിയിലാണ് ആസ്തി വിറ്റഴിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങിയത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ വ്യാപനം മൂലം ഇത് വൈകി. 2019 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം എയര്‍ ഇന്ത്യക്ക് 60074 കോടി രൂപയുടെ ബാധ്യതയുണ്ട്. 2007 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതിന് ശേഷം എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറിയിട്ടില്ല.