മലമ്പുഴയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ എക്‌സൈസ് സംഘം വനത്തില്‍ കുടുങ്ങി
കഞ്ചാവ് വേട്ടയ്ക്ക് പോയ് വനത്തില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള രണ്ടാമത്തെ സംഘവും തെരച്ചില്‍ തുടങ്ങി. കഞ്ചാവ് റെയ്ഡിനായി നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോയ പതിനാലംഗ സംഘമാണ് ഇന്നലെ വഴിതെറ്റി കാട്ടില്‍ കുടുങ്ങിയത്. മലമ്പുഴ ചെക്കോള ഭാഗത്ത് നിന്നാണ് തെരച്ചില്‍ ആരംഭിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, ആദിവാസികള്‍ അടക്കം 10 പേരാണ് സംഘത്തില്‍ ഉള്ളത്. വനത്തില്‍ കുടുങ്ങിയ എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥ സംഘം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ചയാണ് സി.ഐയും രണ്ട് എസ്.ഐമാരും തണ്ടര്‍ബോള്‍ട്ടിന്റെ നാലംഗങ്ങളും നാല് നാട്ടുകാരും അടങ്ങുന്ന സംഘം വനത്തിലേക്ക് പുറപ്പെട്ടത്. വൈകുന്നേരത്തോടെ ഇവര്‍ക്ക് വഴിതെറ്റുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വഴിതെറ്റാന്‍ കാരണമെന്ന് നര്‍കോട്ടിക് ഡിവൈഎസ് പി സി ഡി ശ്രീനിവാസന്‍ പറഞ്ഞു. പുഴയുടെ തീരത്തെ പാറപ്പുറത്താണ് രാത്രി കഴിച്ചുകൂട്ടിയതെന്നും അദ്ദേഹം അറിയിച്ചു.