അഫ്ഗാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ചാവേറാക്രമണം ; നൂറിലേറെ മരണം
വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുന്ദൂസില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യുഎസ്, നാറ്റോ സൈന്യം അഫ്ഗാന്‍ വിട്ടതിനുശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സ്ഫോടനത്തിന് പിന്നില്‍ ഐഎസ് ആണെന്ന് താലിബാന്‍ ആരോപിച്ചു.
ഷിയാ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് കുന്ദൂസ്. ന്യൂനപക്ഷമായ ഷിയാ മുസ്ലിങ്ങള്‍ക്ക് നേരേ ഐഎസ് നിരന്തരം ആക്രമണം നടത്താറുണ്ട്. ഷിയാ സഹോദരങ്ങളുടെ സുരക്ഷ താലിബാന്‍ ഉറപ്പുവരുത്തുമെന്ന് കുന്ദൂസ് പ്രവിശ്യ പൊലീസ് ഉപമേധാവി മുഹമ്മദ് ഒബൈദ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.