100 ബില്യണ്‍ ക്ലബില്‍ മുകേഷ് അംബാനിയും ; ട്രോളി സോഷ്യല്‍ മീഡിയ
അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് മുകേഷ് അംബാനിയും. 100.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ് അംബാനി പട്ടികയിലേക്ക് എത്തിയത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിനുമൊപ്പം ബില്‍ഗേറ്റ്‌സ്, മാര്‍ക്ക് സൂക്കര്‍ബര്‍ഗ്, വാരന്‍ ബഫറ്റ് എന്നിവരും പട്ടികയില്‍ ഉണ്ട്. 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള 11 പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ വര്‍ഷം മുകേഷ് അംബാനിയുടെ ആസ്തിയില്‍ 23.8 ബില്യണ്‍ ഡോളിന്റെ വര്‍ധനയുണ്ടായി.
2005ലാണ് പിതാവ് ധീരുഭായ് അംബാനിയുടെ എണ്ണ, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ മുകേഷ് അംബാനി ഏറ്റെടുത്തത്. പിന്നീട് റീടെയില്‍, ടെക്‌നോളജി, ഇ-കോമേഴ്‌സ് തുടങ്ങിയ മേഖലകളിലേക്കും അംബാനി വ്യവസായ സാമ്രാജ്യം വ്യാപിപ്പിച്ചു. 2016ല്‍ റിലയന്‍സ് ആരംഭിച്ച ടെലികോം വിഭാഗമായ ജിയോ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നാണ്. വരുംകാലത്തിന്റെ സാധ്യതകള്‍ മനസിലാക്കി ഊര്‍ജ വ്യവസായത്തിലേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് അംബാനി. അതേസമയം പെട്രോള്‍ വില കൂട്ടി നാട്ടുകാരെ പിഴിഞ്ഞ പണം കൊണ്ടാണ് അംബാനി പട്ടികയില്‍ ഇടം പിടിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. നിലവില്‍ രാജ്യത്തു ഡീസല്‍ വിലയും 100 കടന്നിരിക്കുകയാണ്.