കെ റെയില്‍ പദ്ധതി മറ്റൊരു വെള്ളാന പ്രശാന്ത് ഭൂഷണ്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കെ റെയില്‍ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍. സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറണം. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഇത് ഗുണം ചെയ്യൂ. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എക്‌സ്പ്രസ് ഹൈവേയേ എതിര്‍ത്തവരാണ് കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ് എന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കോഴിക്കോട് കാട്ടിലപ്പീടികയില്‍ കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രശാന്ത് ഭൂഷണ്‍. പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് ഇ ശ്രീധരന്‍ അടക്കമുള്ളവരുടെ ഉപദേശം തേടാമായിരുന്നു എന്നും പ്രശാന്ത് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏറെ പാരിസ്ഥിതികാഘാതം ഉണ്ടായേക്കാവുന്ന കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഫും രംഗത്തുവന്നിരുന്നു. പരിസ്ഥിതിക്ക് വന്‍ ദോഷം ഉണ്ടാക്കുന്ന അതിവേഗ റെയില്‍ പാത കേരളത്തെ നെടുകെ മുറിക്കും. പദ്ധതി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും എംകെ മുനീര്‍ സമിതി യുഡിഫ് നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം കെ റെയില്‍ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. 11 ജില്ലകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. റെയില്‍വേ ബോര്‍ഡില്‍ നിന്ന് പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുസരിച്ചാവും ഭൂമി ഏറ്റെടുക്കല്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നാവും ഭൂമി ഏറ്റെടുക്കുക. ഇതിനായി ഏഴ് തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസും മേല്‍പ്പറഞ്ഞ ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍എ) ഓഫീസുകളും രൂപീകരിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് താത്ക്കാലികമായാണ് നിയമനം.