ഉത്ര വധക്കേസ് ; സൂരജ് കുറ്റക്കാരന്‍ ; ശിക്ഷാവിധി ബുധനാഴ്ച

വിവാദമായ കൊല്ലം ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധിയാണ് ഇനി അറിയാനുള്ളത്. സൂരജിന് എന്താണ് ശിക്ഷ വിധിക്കുകയെന്ന് ഈ മാസം 13ന് അറിയാം. ഉത്ര കൊല്ലപ്പെട്ട് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സമാനതകള്‍ ഇല്ലാത്ത കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്. വിചിത്രവും പൈശാചികവും ദാരുണവുമായ സംഭവമാണ് നടന്നതെന്ന് വാദിച്ച പ്രോസിക്യൂഷന്‍ സൂരജിന് വധശിക്ഷ നല്‍കണമെന്ന് കോടതിയോടെ ആവശ്യപ്പെട്ടു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയാണ് ഉണ്ടാകേണ്ടതെന്നും വധശിക്ഷ നല്‍കാവുന്ന അപൂര്‍വം കേസാണ് ഇതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ഭാര്യയെ സൂരജ് കൊന്നത് ഉത്രയുടെ സ്വത്തിനു വേണ്ടിയാണെന്നും, ഉത്ര മരിച്ചതിനു പിന്നാലെ ബാങ്ക് ലോക്കറില്‍ നിന്ന് അവരുടെ സ്വര്‍ണമെടുക്കാന്‍ സൂരജ് തിടുക്കം കാട്ടിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പണം കൊടുത്തു വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് സ്വന്തം ഭാര്യയെ കടിപ്പിച്ച് കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഇത് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും പാമ്പുകളെ കൈകാര്യം ചെയ്യാനുളള കഴിവ് സൂരജിനില്ലെന്നും പ്രതിഭാഗം വാദിച്ചു. ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് സുരേഷ് പാമ്പിനെ കൊണ്ടുവന്നത്. അതിന്റെ വീഡിയോ യൂട്യൂബിലൂടെ നല്‍കുകയായിരുന്നു സൂരജിന്റെ ലക്ഷ്യമെന്നും സൂരജിന്റെ അഭിഭാഷകന്‍ പറയുന്നു. എന്നാല്‍ പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. പാമ്പുകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ പ്രതിയായ സൂരജ് വിദഗ്ധനായിരുന്നുവെന്നതിന് തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. സൂരജ് യൂട്യൂബില്‍ കൂടുതലായി കണ്ടിരുന്നത് പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോ ആയിരുന്നു. സുരേഷും സൂരജുമായി ബന്ധമുണ്ടെന്നും തെളിയിക്കാനുള്ള രേഖകളെല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസില്‍ നടന്നത്.കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് കേസില്‍ വിധി പറഞ്ഞത്. വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതില്‍ രണ്ട് തവണ ഉത്രക്ക് പാമ്പിന്റെ കടിയേറ്റു. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണു സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സുരേഷ് മാപ്പുസാക്ഷിയായിരുന്നു.

25കാരിയായ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ 2020 മെയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കി അവരുടെ സ്വത്ത് തട്ടിയെടുക്കാനും വേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പാമ്പുകടിയേറ്റത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചു. ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതി സമാനതകളില്ലാത്ത കുബുദ്ധി പുറത്തെടുത്ത പ്രതി ആയുധമായി പാമ്പിനെ ഉപയോഗിച്ചതും ഈ കേസിനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്.