കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി അഞ്ച് സൈനികര്‍ക്ക് വീരമൃത്യൂ ; മരിച്ചവരില്‍ മലയാളി സൈനികനും
ജമ്മു : പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ആര്‍മി ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സുരക്ഷാ സേനയുടെ ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സൂറന്‍കോട് മേഖലയില്‍ നാല് മുതല്‍ അഞ്ച് വരെ ആയുധധാരികളായ ഭീകരര്‍ നുഴഞ്ഞുകയറിയത്. ഇതേത്തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരില്‍ ഒരാള്‍ മലയാളിയാണ്. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്.
രജോരി സെക്ടറില്‍ അതിര്‍ത്തി നുഴഞ്ഞു കയറിയ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ച് ഭീകരവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വന്‍ തോതില്‍ ആയുധ സന്നാഹങ്ങളുള്ള അഞ്ച് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. തീവ്രവാദികളെ നിര്‍വീര്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ സുരക്ഷാസൈനികര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് സേനയ്ക്കെതിരായ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇന്നു നടന്ന വെടിവയ്പ്പ്.
കഴിഞ്ഞയാഴ്ച രണ്ട് അധ്യാപകരുള്‍പ്പെടെ ഒരു തീവ്രവാദ സംഘടന നടത്തിയ ആക്രമണങ്ങളില്‍ പ്രദേശത്തെ സാധാരണക്കാരെ വെടിവച്ചുകൊന്നതോടെയാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ‘ഫെബ്രുവരി 25 ന് രണ്ട് ഡിജിഎംഒകള്‍ (സൈനിക ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍) തമ്മിലുള്ള പുതുക്കിയ ഉടമ്പടിക്ക് പിന്നാലെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, ജമ്മു കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റം പുനരാരംഭിച്ചു’ കൂടാതെ ‘ഭീകര ക്യാമ്പുകള്‍’ അതിര്‍ത്തിയിലുടനീളം ഇപ്പോഴും തുടരുകയും ചെയ്യുന്നു ‘- ഓഗസ്റ്റ് 10 ന്, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ദില്‍ബാഗ് സിംഗ് പറഞ്ഞു.