മോദിയെ ട്രോളി ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവ്‌രതിലോവ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവ്‌രതിലോവ. മോദി ഏകാധിപതിയല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെയാണ് മാര്‍ട്ടിന ട്രോളിയത്. ട്വിറ്ററിലാണ് താരം അമിത്ഷായുടെ പ്രസ്താവന പങ്കുവച്ച് പരിഹസിച്ചത്. ഇതിനു പിറകെ നടന്ന സംഘ്പരിവാര്‍ സൈബര്‍ ആക്രമണത്തിലും അവര്‍ ട്വീറ്റ് പിന്‍വലിച്ചില്ല. ഇന്ത്യയിലെയും അമേരിക്കയിലെയും വലതുപക്ഷക്കാരെല്ലാം ഒരേ സ്‌കൂളിലാണ് പോകുന്നതെന്നും അവര്‍ പ്രതികരിച്ചു. നരേന്ദ്ര മോദി ഏകാധിപതിയായിരുന്നില്ലെന്നും രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയാണെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. എന്റെ അടുത്ത തമാശയിതാ എന്നു കുറിച്ചായിരുന്നു അമേരിക്കന്‍ താരം വാര്‍ത്ത റീട്വീറ്റ് ചെയ്തത്.

ഗുജറാത്ത് മുഖ്യമന്ത്രി പദവി മുതല്‍ പ്രധാനമന്ത്രി സ്ഥാനം വരെയുള്ള മോദി ഭരണത്തിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ചാനലായ സന്‍സദ് ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ അഭിപ്രായപ്രകടനം. സംഘ്പരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍നിന്ന് കടുത്ത വിമര്‍ശനമുയര്‍ന്നിട്ടും അവര്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇന്ത്യയില്‍ വലതുപക്ഷക്കാരുടെ ട്രോളിനിരയാകാന്‍ പോകുകയാണ് മാര്‍ട്ടിനയെന്ന മാധ്യമപ്രവര്‍ത്തകന്‍ ഉസൈര്‍ റിസ്വിയുടെ ട്വീറ്റിനോട് പ്രതികരിച്ചായിരുന്നു അവര്‍ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയിലെയും അമേരിക്കയിലെയും വലതുപക്ഷ സംഘങ്ങളുടെ ട്രോളിനിരയാകുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ മാര്‍ട്ടിനയും ഇടംപിടിച്ചിരിക്കുകയാണെന്ന് റിസ്വി ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം എന്താണെന്ന് അറിയില്ല! സമാന അഭിപ്രായമാണോ എന്തെങ്കിലും വിയോജിപ്പുണ്ടോ എന്നൊന്നും അറിയില്ലെന്നും ഉസൈര്‍ റിസ്വി ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍, അമേരിക്കയിലെ വലതുപക്ഷ ട്രോളുകളെപ്പോലെത്തന്നെയാണ് ഇതുമെന്നായിരുന്നു മാര്‍ട്ടിനയുടെ പ്രതികരണം. രണ്ടുകൂട്ടരും ഒരേ സ്‌കൂളിലാണ് പോകുന്നതെന്നാണ് തോന്നുന്നതെന്നും ഒരു ആശങ്കയുമില്ലെന്നും മാര്‍ട്ടിന വ്യക്തമാക്കി.

എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരങ്ങളിലൊരാളായി അറിയപ്പെടുന്ന മാര്‍ട്ടിന 18 ഗ്രാന്റ്സ്ലാം സിംഗിള്‍സ് കിരീടങ്ങളും 31 മേജര്‍ ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പണ്‍ ഇറയില്‍ ഏറ്റവുമധികം സിംഗിള്‍സ് കിരീടങ്ങളുള്ള കളിക്കാരിയായ അവര്‍ 332 ആഴ്ചകളില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു. സിംഗിള്‍സിലും ഡബിള്‍സിലും 200-ലേറെ ആഴ്ച ഒന്നാം സ്ഥാനത്തു തുടര്‍ന്ന ഏക കളിക്കാരിയും അവരാണ്. കരിയറിന്റെ അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസിനൊപ്പം മിക്സഡ് ഡബിള്‍സിനായി ഒന്നിച്ച മാര്‍ട്ടിന 10 മിക്സഡ് ഡബിള്‍സ് ഗ്രാന്റ്സ്ലാം നേട്ടങ്ങളില്‍ പങ്കാളിയായി.

ഇത് ആദ്യ തവണ അല്ല മോദിക്ക് എതിരെ മാര്‍ട്ടിന പരിഹാസ ശരം എയ്യുന്നത്. മുന്‍പ് 2016ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന ഭരണകൂട വേട്ടയ്ക്കെതിരെയാണ് താരം ട്വിറ്ററില്‍ പ്രതികരിച്ചത്. ഇതിന്റെ പേരില്‍ സംഘ്പരിവാര്‍ അനുകൂലികളുടെ ശക്തമായ സൈബര്‍ ആക്രമണത്തിനുമിരയായിരുന്നു മാര്‍ട്ടിന. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗായിക റിഹാന്നയുടെ ഇടപെടലും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച മാര്‍ട്ടിനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആയിരക്കണക്കിനാളുകളാണ് രംഗത്തുവന്നത്. ട്രോളന്മാരും മാര്‍ട്ടിനയുടെ ട്വീറ്റ് ഏറ്റെടുത്തു.