ഒരു മഹാ നടന്‍ കൂടി വിടവാങ്ങി ; നെടുമുടി വേണു അന്തരിച്ചു

പ്രമുഖ മലയാള സിനിമാ താരം നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളായിരുന്നു നെടുമുടി വേണു. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്.

നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിച്ചത്. നാടക രംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയില്‍ എത്തിയത്. അരങ്ങിന്റെ ലോകത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്. അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായുള്ള സൗഹൃദം അദ്ദേഹത്തെ നാടക ലോകത്തു നിന്നും സിനിമയിലെത്തിച്ചു. തിരുവനന്തപുരത്തെ താമസം അതിന് വഴിയൊരുക്കി. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത ‘തമ്പ്’ ആയിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റ ചിത്രം. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും അദ്ദേഹം സിനിമാലോകത്തെ സാന്നിധ്യം അറിയിച്ചു. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായി. ‘പൂരം’ എന്ന ചിത്രം സംവിധാനം ചെയ്തു.പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു.

അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തായി. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ടെലിവിഷന്‍ ലോകത്തും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ‘കൈരളി വിലാസം ലോഡ്ജ്’ എന്ന ദൂരദര്‍ശന്‍ പരമ്പര സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ഇതിനു പുറമെ ഒട്ടേറെ പരമ്പരകളില്‍ വേഷമിട്ടു. 1987ല്‍ മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ സിനിമയിലെ പ്രകടനത്തിനായിരുന്നു അത്. ശേഷം 2003ല്‍ മാര്‍ഗം എന്ന സിനിമയിലെ വേഷത്തിന് പുരസ്‌കാരം ലഭിച്ചു. ‘ഹിസ് ഹൈനസ് അബ്ദുള്ളയിലെ’ പ്രകടനത്തിന് 1990ല്‍ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നേടി. ‘മാര്‍ഗം’ സിനിമയ്ക്ക് പ്രത്യേക പരാമര്‍ശവും ലഭിച്ചു. സുശീലയാണ് ഭാര്യ. മക്കള്‍ കണ്ണന്‍, ഉണ്ണി.