രാജ്യത്ത് 18 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പൂര്‍ണ്ണതോതില്‍

രാജ്യത്തു ഈ മാസം 18 മുതല്‍ ആഭ്യന്തര സര്‍വീസ് പൂര്‍ണ്ണതോതിലാവുമെന്ന് വ്യോമയാന മന്ത്രാലയം. മുഴുവന്‍ യാത്രക്കാരുമായി 18 മുതല്‍ സര്‍വീസ് നടത്താനാകും. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വര്‍ഷം മേയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് നീക്കിയത്. ഇതുവരെ 85 ശതമാനം യാത്രക്കാരാണ് ആഭ്യന്തര വിമാന സര്‍വീസില്‍ അനുവദിക്കപ്പെട്ടിരുന്നത്.അടുത്ത മാസം അവസാനത്തോടെ വരുന്ന വിന്റര്‍ ഷെഡ്യൂളില്‍ കോവിഡ് പരിമിതിക്കകത്ത് നിന്ന് തന്നെ പരമാവധി സൗകര്യം നല്‍കുകയാണ്. എന്നാല്‍ രണ്ടു മണിക്കൂറില്‍ താഴെയുള്ള യാത്രകളില്‍ ഭക്ഷണം വിതരണം ചെയ്യില്ല. ആഭ്യന്തര വിമാന സര്‍വീസിലെ അതികായരായ ടാറ്റാ ഗ്രൂപ്പിന്റെ താജ് സാറ്റ്സ് എല്ലാ വിമാനങ്ങളിലും ഭക്ഷണം അനുവദിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വിമാനങ്ങളില്‍ കാറ്ററിംഗ് സര്‍വീസ് നടത്തുന്നവരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

2020 മേയ് 25 മുതലാണ് കോവിഡിന് മുമ്പുള്ളതിന്റെ മൂന്നിലൊന്ന് യാത്രക്കാരുമായി സര്‍വീസ് അനുമതി നല്‍കിയത്. പിന്നീട് കോവിഡ് സാഹചര്യം അനുസരിച്ച് പടിപടിയായി കൂടുതല്‍ സീറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ആഭ്യന്തര വിമാന സര്‍വീസ് കപ്പാസിറ്റി ആഗസ്ത് 12 നും സെപ്തംബര്‍ 18 നുമിടയില്‍ 72.5 ഉം ജൂലൈ അഞ്ചിനും ആഗസ്ത് 12 നുമിടയില്‍ 65 ശതമാനമായിരുന്നു. ജൂണ്‍ ഒന്നിനും ജൂലൈ അഞ്ചിനുമിടയില്‍ 50 ശതമാനമായിരുന്നിത്. ഇപ്പോള്‍ എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചിരിക്കുകയാണ്.