ഓണ്‍ലൈന്‍ വഴി ലോട്ടറി വില്പന ; നടപടിക്ക് തയ്യാറായി വകുപ്പ്

വാട്‌സ് ആപ്പ്, ടെലഗ്രാം അടക്കമുള്ള നവ മാധ്യമങ്ങള്‍ വഴി കേരള ഭാഗ്യക്കുറി വില്‍പ്പന സജീവം. കേരള പേപ്പര്‍ ലോട്ടറി ചട്ടപ്രകാരം ഓണ്‍ ലൈന്‍ വഴി വില്‍പ്പന നിയമ വിരുദ്ധമാണെന്നിരിക്കെയാണ് ചട്ടങ്ങള്‍ ലംഘിച്ചാണ് ഓണ്‍ ലൈന്‍ വഴിയുള്ള ലോട്ടറി വില്‍പ്പന സജ്ജീവമായി നടക്കുന്നത്. ഡിജിറ്റല്‍ വില്‍പ്പനയില്‍ പങ്കുചേരാനായി ലിങ്കുകളോടെയാണ് സന്ദേശമെത്തുക. ഗ്രൂപ്പുകളില്‍ അംഗങ്ങളായാല്‍ ലോട്ടറി നമ്പറുകളെത്തും. ഇഷ്ട നമ്പറുകള്‍ തെരഞ്ഞെടുത്ത് ഗ്രൂപ്പ് അഡ്മിന് സന്ദേശമയക്കണം. ഈ നമ്പര്‍ ഗ്രൂപ്പ് അഡ്മിന്‍ അംഗീകരിച്ചതായി പറഞ്ഞാല്‍ ഓണ്‍ലൈന്‍ വഴി പണം നല്‍കണം.

സമ്മാനമടിച്ചാല്‍ വിവരം അറിയിക്കാമെന്നും സമ്മാന തുകയും ഓണ്‍ലൈന്‍ വഴി നല്‍കുമെന്നാണ് വാഗ്ദാനം. കേരള ലോട്ടറിയുടെ ഔദ്യോഗിക ഏജന്റാണെന്നാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിന്റെ അഡ്മിന്‍ പറയുന്നത്. താന്‍ കൊല്ലം സ്വദേശിയാണെന്നും അഡ്മിന്‍ സ്വയം പരിചയപ്പെടുത്തുന്നു. കേരള ഭാഗ്യക്കുറിക്ക് നേരിട്ടുള്ള വില്‍പ്പന മാത്രമേയുള്ളൂവെന്നും ചട്ട വിരുദ്ധമായ ഓണ്‍ ലൈന്‍ ലോട്ടറി വില്‍പ്പനകള്‍ക്കെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ലോട്ടറി ഡയറക്ടര്‍ അഥീല അബ്ദുള്ള അറിയിച്ചു.