പൊതു ഇടം കയ്യേറി കൊടിമരങ്ങള്‍ ആരുടെ അനുമതിയോടെ? ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി
രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പൊതുയിടങ്ങള്‍ കൈയേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുയിടങ്ങളില്‍ കൊടിമരങ്ങളാണെന്നും ഇത് തടയണമെന്നും ഹൈക്കോടതി പറഞ്ഞു. മന്നം ആയുര്‍വേദ കോ ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജിന്റെ പ്രവേശന കവാടത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി കൊടിമരങ്ങള്‍ നീക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു മന്നം ഷുഗര്‍ മില്‍സ് നല്‍കിയ ഹര്‍ജിയിലാണു കോടതി നിര്‍ദേശം. ഹര്‍ജിയിലെ കാര്യം മാത്രമല്ല, വലിയ വ്യാപ്തിയുള്ള വിഷയമാണിതെന്നു കോടതി പറഞ്ഞു. സംസ്ഥാന തലത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഒരു നടപടി വേണമെന്ന നിര്‍ദേശമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വരെ ഇത്തരം കൊടിമരങ്ങള്‍ കാരണമാകുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത് വഴി നടക്കുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്. സംസ്ഥാന തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയെ കോടതി ഈ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ഞാന്‍ റോഡിലൊരു കുഴികുഴിച്ചാല്‍ കേസെടുക്കില്ലേ’ എന്നു കോടതി ചോദിച്ചു. കലൂര്‍ സ്റ്റേഡിയത്തിലേക്ക് കയറുന്ന വഴിക്ക് 2 കൊടിമരങ്ങള്‍ ഉണ്ട്. ആരു പറഞ്ഞിട്ടാണ് അതു വച്ചിരിക്കുന്നത്? ഇക്കാര്യത്തില്‍ എല്ലാവരും അന്ധരാണ്. ആര്‍ക്കും പറയാന്‍ ധൈര്യമില്ല. എവിടെയെല്ലാം പൊതുവാഹനങ്ങളുടെ സ്റ്റാന്‍ഡുണ്ടോ, എവിടെയെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വാധീനമുണ്ടോ അവിടെയെല്ലാം കൊടിമരങ്ങള്‍ ഉണ്ട്. ഇതെല്ലാം അനുമതി വാങ്ങിയാണോ സ്ഥാപിച്ചതെന്നാണു പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഹര്‍ജി നവംബര്‍ ഒന്നിനു വീണ്ടും പരിഗണിക്കും.