ഇന്ത്യയില്‍ എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റീന്‍ ; നിയന്ത്രണം പിന്‍വലിച്ച് കേന്ദ്രം

രാജ്യത്ത് എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇനി മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമല്ല. കേന്ദ്രം നിയന്ത്രണം പിന്‍വലിച്ചു. ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ ബ്രിട്ടന്‍ നീക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. കൊവിഷീല്‍ഡ് രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നായിരുന്നു യുകെയിലെ നിബന്ധന. കൊവിഷീല്‍ഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സര്‍ട്ടിഫിക്കേഷന്‍ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ നേരത്തേയുള്ള നിലപാട്. ഇതിന് പിന്നാലെ കേന്ദ്രവും നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

പുതിയ തീരുമാനപ്രകാരം കൊവിഷീല്‍ഡോ യുകെ അംഗീകരിച്ച മറ്റു വാക്‌സീനുകളോ രണ്ട് ഡോസ് സ്വീകരിച്ച ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുകെയില്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇതേതുടര്‍ന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇന്ത്യയും ക്വാറന്റീന്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇന്ത്യയുള്‍പ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കൂടിയാണ് യുകെ നിയന്ത്രണം നീക്കിയത്. എന്നാല്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ വേണ്ടി വരും.