മക്കള്‍ക്ക് വേണ്ടി അഞ്ചു ലക്ഷം കൈക്കൂലി ; കേരളാ പൊലീസിന് എതിരെ ഗുരുതര ആരോപണവുമായി യു പി സ്വദേശികള്‍

മകള്‍ പീഡനത്തിരയായ കേസില്‍ ആണ്‍ മക്കളെ പ്രതി ചേര്‍ക്കാതിരിക്കാന്‍ എറണാകുളം നോര്‍ത്ത് പൊലീസ് 5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ചു ഉത്തര്‍ പ്രദേശ് സ്വദേശികളായ കുടുംബം. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തി മക്കളെ അന്യായമായി പൊലീസ് ജയിലിലാക്കിയെന്നും യുപി സ്വദേശികളായ മാതാപിതാക്കള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതെന്നും മാതാപിതാക്കളുടെ ആരോപണങ്ങള്‍ കള്ളമാണെന്നും സിറ്റി പൊലീസ് കമീഷണര്‍ എച്ച് നാഗരാജു പ്രതികരിച്ചു. 15കൊല്ലമായി എറണാകുളം നോര്‍ത്തില്‍ താമസിക്കുന്നതാണ് കുടുംബം. ചെരുപ്പ് ബിസിനസ് ആണ് ഇവരുടെ ജോലി. രണ്ട് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും അടങ്ങുന്ന കുടുംബം. കഴിഞ്ഞ ഓഗസ്റ്റിലാണ് പതിനേഴ് വയസ്സുള്ള മൂത്ത പെണ്‍കുട്ടി ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം നാടുവിട്ടത്. കൂടെ പതിനാല് വയസ്സുളള സഹോദരിയേയും കൂട്ടി. അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ ദില്ലിയിലുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ നോര്‍ത്ത് സ്റ്റേഷിനിലെ മുന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിമാനടിക്കറ്റ് കൊടുത്തപ്പോള്‍ മാത്രമാണ് അന്വേഷണത്തിനായി ദില്ലിയിലെത്തിയതെന്ന് കുടുംബം പറയുന്നു.

ദില്ലി പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടികളെ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ദില്ലി സ്വദേശികളായ സുബൈറിനെയും ഫിസാനെയും പിടികൂടി. മൂത്ത പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. എന്നാല്‍ സുബൈറിനെ മാത്രം അറസ്റ്റ് ചെയ്ത പൊലീസ് ഫിസാനെ വിട്ടയച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം കേസ് വീണ്ടും മാറി. സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കാട്ടി 21 ഉം 20 ഉം വയസ്സുള്ള സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു. 5 ലക്ഷം രൂപ കൈക്കൂലി തന്നാല്‍ കേസ് ഒതുക്കാമെന്ന് എ എസ് ഐ വിനോദ് കൃഷ്ണ പറഞ്ഞെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടികളെ ഇത് വരെ നേരില്‍ കാണാന്‍ സമ്മതിച്ചിട്ടില്ലെന്നും എഫ് ഐ ആറിന്റെ പകര്‍പ്പല്ലാതെ ഒരു രേഖയും പൊലീസ് കൈമാറിയിട്ടില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

‘എന്റെ കുട്ടികള്‍ എവിടെ എന്ന് ചോദിച്ചു, അഞ്ച് കുട്ടികളെയല്ലേ വേണ്ടത്, എങ്കില്‍ 5 ലക്ഷം രൂപ തരണം’ എന്നാണ് എ എസ് ഐ വിനോദ് കൃഷ്ണ പറഞ്ഞതെന്നാണ് അമ്മ പറഞ്ഞത്. അല്ലെങ്കില്‍ ഒരു കുട്ടിയെയും നിങ്ങള്‍ കാണില്ലെന്ന് പറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളെ പറ്റി മോശമായി പറഞ്ഞെന്നും അമ്മ വിശദീകരിച്ചു. 5 വര്‍ഷമായി ആണ്‍മക്കള്‍ മകളെ ഉപദ്രവിക്കുന്നതായി പറഞ്ഞു, അവള്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു, ഒടുവില്‍ മക്കളെ വിലങ്ങണിയിച്ച് ജീപ്പില്‍ കൊണ്ടു വന്നു, 5 ലക്ഷം രൂപക്ക് വേണ്ടി പൊലീസ് കുടുംബം തകര്‍ത്തു’ എന്ന് വിവരിച്ച അമ്മ നീതിവേണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ 13 വയസ്സുമുതല്‍ സഹോദരങ്ങള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്കിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. ഇത് സഹിക്കാനാകാത്തതു കൊണ്ടാണ് സഹോദരിക്കൊപ്പം വീടു വിട്ടത്. ദില്ലിയില്‍ അറസ്റ്റ് ചെയ്ത സുബൈറിനെ ട്രെയിനില്‍ വെച്ചാണ് പരിചയപ്പെട്ടത്. ഇതിനെല്ലാം തെളിവുണ്ടെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി എടുത്തിട്ടുണ്ടെന്നും സിറ്റ് പൊലീസ് കമീഷണര്‍ എച്ച് നാഗരാജു പറയുന്നു. കുടുംബത്തിന്റെ ചെലവില്‍ പൊലീസ് സംഘം ദില്ലിക്ക് പോയിട്ടുണ്ടെങ്കില്‍ തെറ്റാണെന്നും സത്യമെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും കമീഷണര്‍ അറിയിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയ ഇടപെട്ട ഹൈക്കോടതി കമീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.