തിരുവനന്തപുരം വിമാനത്താവള നിയന്ത്രണം ഇനി അദാനിക്ക് സ്വന്തം ; എതിര്‍പ്പ് തുടര്‍ന്ന് സര്‍ക്കാര്‍ ; സ്വാഗതം ചെയ്തു തലസ്ഥാനം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നിയന്ത്രണം ഇനി അദാനിക്ക് സ്വന്തം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇന്നുരാത്രി 12 മണിക്ക് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കും. ഏറ്റെടുക്കലിന്റെ ഭാഗമായി വിമാനത്താവളം അലങ്കാരദീപങ്ങളാല്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അന്‍പതു വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചിരിക്കുന്നത്. ഏയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിര്‍ദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടര്‍ന്ന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാവും അദാനി വിമാനത്താവളം നടത്തുക. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ടെണ്ടറിലാണ് അദാനി വിമാനത്താവളം പിടിച്ചത്.

ഒരു യാത്രക്കാരന് 168 രൂപ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കരാര്‍ പ്രകാരം അദാനി നല്‍കണം. യാത്രക്കാരുടെ എണ്ണത്തില്‍ കുറവുള്ള തിരുവനന്തപുരത്തേക്ക് പരമാവധി വിമാനങ്ങള്‍ എത്തിച്ച് മികവുറ്റതാക്കാനാവും അദാനി ശ്രമിക്കുക. വിമാനത്താവള കൈമാറ്റത്തിനെതരിയ ഹര്‍ജി സുപ്രീംകോടതിയില്‍ നില്‍ക്കെയാണ് കൈമാറ്റം. കൈമാറ്റ പ്രക്രിയ നടന്ന ശേഷം ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിക്കും. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

നിലവിലുള്ള ജീവനക്കാരെ മൂന്ന് വര്‍ഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിഷയത്തില്‍ കനത്ത എതിര്‍പ്പാണ് പിണറായി സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നത്. എന്തൊക്കെ സംഭവിച്ചാലും എയര്‍ പോര്‍ട്ട് അദാനിക്ക് വിട്ട് നല്‍കില്ല എന്ന ഉറപ്പാണ് ഇതോടെ ഇല്ലാതാകുന്നത്. ഇപ്പോഴും എയര്‍ പോര്‍ട്ട് തിരിച്ചു പിടിക്കാം എന്ന വിശ്വാസത്തിലാണ് സര്‍ക്കാരും അണികളും. എന്നാല്‍ അദാനിക്ക് വന്‍ വരവേല്‍പ്പാണ് തലസ്ഥാന വാസികളില്‍ നിന്നും ലഭിക്കുന്നത്. തകര്‍ച്ചയുടെ വക്കിലായ വിമാനത്താവളത്തിന് ഇതോടെ പുതു ജീവന്‍ വെക്കും എന്ന പ്രതീക്ഷയിലാണ് തലസ്ഥാനം. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി യാത്രക്കാരും കയ്യൊഴിഞ്ഞ അവസ്ഥയിലായിരുന്നു എയര്‍ പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന് കണ്ണൂര്‍ കൊച്ചി എയര്‍ പോര്‍ട്ടുകളില്‍ ഉള്ള അമിത താല്പര്യം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറെ ദോഷകരമായി മാറിയിരുന്നു.

ഇതിനിടെ അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ വീണ്ടും പിന്തുണച്ച് വീണ്ടും ശശി തരൂര്‍ എംപി രം?ഗത്തെത്തി. ”തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച് എപ്പോഴും പരാതികളുയര്‍ന്നിരുന്നു. നമ്മുടെ വിമാനത്താവളം നന്നായി പ്രവര്‍ത്തിക്കണമെന്നുള്ളത് തിരുവനന്തപുരം നിവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ഓഫര്‍ ആണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും സംതൃപ്തരാണ് എന്നിരിക്കേ പദ്ധതിയുമായി മുന്നോട്ടു പോകണം എന്നാണ് എന്റെ അഭിപ്രായം. ഇതിനോടകം അദാനി ഗ്രൂപ്പ് രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം നല്ല രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരത്തും നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് കരുതാം. അദാനി ഗ്രൂപ്പ് ഇത് നന്നായി ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ അവര്‍ക്ക് അവസരം നല്‍കണം.”- ഇതു വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടേതല്ലെന്നും തരൂര്‍ പറഞ്ഞു.