തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് ; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം നഗരസഭ നികുതിവെട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. ശ്രീകാര്യം സോണല്‍ ഓഫീസിലെ അറ്റഡന്റ് ആയിരുന്ന ബിജുവിനെ ആണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നഗരസഭ സംബന്ധിച്ച് ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു സോണല്‍ ഓഫീസുകളിലെ നികുതിവെട്ടിപ്പ്. ആകെയുള്ള 11 സോണല്‍ ഓഫീസുകളില്‍ മൂന്ന് ഓഫീസുകളിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നത്.
ശ്രീകാര്യം, ആറ്റിപ്ര, നേമം എന്നീ സോണല്‍ ഓഫീസുകളിലാണ് നികുതിവെട്ടിപ്പ് നടത്തിയിരുന്നത്. മൂന്ന് സോണല്‍ ഓഫീസുകളിലുമായി 33 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ശ്രീകാര്യം സോണല്‍ ഓഫീസില്‍ മാത്രം അഞ്ചു ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരുന്നത്.
വീട്ടുകരം അടക്കം വിവിധ ഇനങ്ങളില്‍ ജനങ്ങള്‍ ഒടുക്കിയ നികുതിപ്പണം നഗരസഭയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടത്തായിരുന്നു. എന്നാല്‍ പണം ഓഫീസിലെ അറ്റഡന്റ് ആയിരുന്ന ബിജു നഗരസഭ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നില്ല. മറിച്ച് തിരിമറി നടത്തുകയായിരുന്നു. നഗരസഭ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ബിജു തിരിമറി നടത്തിയതായി കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സസ്‌പെന്‍ഷനിലായ മുഴുവന്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടു വച്ചിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപിയുടെ അനിശ്ചിതകാല സമരം ശക്തമായി തുടരുന്നതിനിടെയാണ് ബിജുവിന്റെ അറസ്റ്റ്.
തിരുവനന്തപുരം നഗരസഭക്ക് കീഴില്‍ 11 സോണല്‍ ഓഫീസുകള്‍ ആണുള്ളത്. ഇവിടങ്ങളില്‍ കോവിഡിനു ശേഷം ഓഡിറ്റ് നടത്തിയിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ നികുതി വെട്ടിപ്പ് നടത്തിയത്. സോണല്‍ ഓഫീസുകളില്‍ വിവിധ ഇനങ്ങളിലായി ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണം നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള വികാസ്ഭവനിലെ എസ് ബി ഐ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കേണ്ടത്. എന്നാല്‍ നികുതിപ്പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ വക മാറ്റിയാണ് ഉദ്യോഗസ്ഥര്‍ വെട്ടിപ്പ് നടത്തിയത്.
പണം അടച്ച രസീത് ആളുകള്‍ക്ക് കൈ മാറിയിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗിക രേഖകളില്‍ ഇല്ല. കഴിഞ്ഞ ജൂലൈയില്‍ ശ്രീകാര്യം സോണല്‍ ഓഫീസില്‍ നിന്നും ആണ് ഇത് സംബന്ധിച്ച് ആദ്യമായി പരാതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി. ഇതോടെ 11 സോണല്‍ ഓഫീസുകളിലും പരിശോധന നടത്താന്‍ നഗരസഭ ഭരണ സമിതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നടത്തിയ ഓഡിറ്റില്‍ തട്ടിപ്പിന്റെ വ്യാപ്തിയും പുറത്തുവന്നു. നേമം സോണല്‍ ഓഫീസിലാണ് ഏറ്റവും വലിയ ക്രമക്കേട് കണ്ടെത്തിയത്. 26 ലക്ഷം രൂപയുടെ വെട്ടിപ്പാണ് നേമം സോണല്‍ ഓഫീസില്‍ മാത്രം നടന്നത്.