വൈശാഖിന് നാടിന്റെ യാത്രാമൊഴി

ജമ്മുവില്‍ പൂഞ്ച് സെക്ടറില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വൈശാഖിന് നാടിന്റെ യാത്രാ മൊഴി. ജന്മനാടായ കൊട്ടാരക്കര ഓടനാവട്ടത്ത് എത്തിച്ച ഭൗതിക ദേഹത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സൈന്യത്തിന്റെ സമ്പൂര്‍ണ ഒദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. 24 വയസ്സായിരുന്നു വൈശാഖിന്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഭൗതികദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റുവാങ്ങി.തുടര്‍ന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ സൈനിക ആസ്ഥാനത്തും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്നായിരുന്നു ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്. ഓടനാവട്ടം ടൗണിലും ചെറിയ സമയത്തേക്ക് പൊതുദര്‍ശനമുണ്ടായിരുന്നു.

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍ വൈശാഖിന് നാട് കണ്ണീരോടെ വിടയേകി. രാവിടെ കുടവട്ടൂരില്‍ എത്തിച്ച ഭൗതിക ശരീരം സര്‍ക്കാര്‍ എല്‍.പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാവിലെ മുതല്‍ പെയ്ത കനത്ത മഴയേയും അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചു റാണി എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സ്‌കൂളിലെ അധ്യാപകര്‍, സഹപാഠികളായിരുന്നവര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ പ്രിയപ്പെട്ട വൈശാഖിനെ കാണാന്‍ മണിക്കൂറുകള്‍ കാത്തുനിന്നു. എം പി മാരായ കൊടിക്കുന്നില്‍ സുരേഷ്, സുരേഷ് ഗോപി, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീന്‍ ഉള്‍പ്പെടെയുള്ളവരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി.

സ്വവസതിയായ വൈശാഖത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പൊള്‍ വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു. അമ്മയും സഹോദരിയും ഉള്‍പ്പെടെ ദുഃഖം താങ്ങാനാകാതെ വാവിട്ടു കരഞ്ഞപ്പോള്‍ കണ്ടു നിന്നവരുടെ മിഴികളും ഈറനണിഞ്ഞു. നാല് വര്‍ഷം മുന്‍പാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. ഹരികുമാര്‍ ബിനാ കുമാരി ദമ്പതികളുടെ മകനാണ് വൈശാഖ്. സ്‌കൂളിലെ പൊതുദര്‍ശനത്തിന് തിങ്ങിക്കൂടിയ ജനങ്ങളില്‍ ഏറെപ്പേര്‍ക്കും സമയപരിമിതിമൂലം ഹാളിനുളളില്‍ കടന്ന് നേരിട്ട് അന്ത്യോപചാരം അര്‍പ്പിക്കാനായില്ല. സ്‌കൂളിനോട് ചേര്‍ന്ന മൈതാനത്തിലാണ് സൈന്യത്തില്‍ ചേരുന്നതിനു മുന്‍പുള്ള കായിക പരിശീലനം വൈശാഖ് നടത്തിയിരുന്നത്. ഉച്ചയ്ക്ക് 12.30 പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍.