തായ്വാനിലെ തീപിടിത്തം ; 46 മരണം

തെക്കന്‍ തായ്വാനിലെ 13 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ലോക്കല്‍ സമയം രാവിലെ 2:40 ഓടെയാണ് തീപിടിത്തം ഉണ്ടായത്. അപകടസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 337 രക്ഷാപ്രവര്‍ത്തകരെ ഇവിടെ വിന്യസിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഏഴുപേര്‍ മരിച്ചതായാണ് ഔദ്യോഗികമായി പുറത്തുവന്ന വിവരം. എന്നാല്‍ കെട്ടിടത്തിന്റെ ഏഴ് മുതല്‍ 11 വരെ നിലകളില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടതായി സിറ്റി ഫയര്‍ ചീഫ് ലീ ചിങിനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

139 ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 62 പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. നൂറോളം പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇവരില്‍ കൂടുതല്‍ പേരും ശാരീരികമായി വെല്ലുവിളി നേരിടുന്നവരാണെന്നും സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തതിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.തീ നിയന്ത്രണവിധേയമായതായി തായ്വാന്‍ വാര്‍ത്താ ഏജന്‍സിയായ സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.