ഫോണില്‍ വിളിച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വീട് കയറി ആക്രമണം ; പ്രതി പിടിയില്‍

യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതിന്റെ പ്രതികാരമായി വീടുകയറി ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. കൊല്ലം കിഴക്കേ കല്ലട കൊടുവിള സ്വദേശി ജിജോ(27) ആണ് അറസ്റ്റിലായത്. ജിജോ നിരന്തരം യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നു. ഈ വിവരം യുവതി പറഞ്ഞതോടെ, ഭര്‍ത്താവ് ജിജോയെ വിളിച്ച് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കത്തിയുമായി വീട്ടില്‍ കയറി യുവതിയെ ജിജോ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കത്തിയുമായി യുവതിയുടെ വീട്ടില്‍ എത്തിയ ജിജോ യുവതിയെ ആക്രമിക്കുകയായിരുന്നു. ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ജിജോ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറയുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.