കനാലില്‍ മുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങി മരിച്ചു
വടകര അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീര്‍ (40) ആണ് മരിച്ചത്. മാഹി കനാലില്‍ ഒഴുക്കില്‍ പെട്ട മൂന്ന് കുട്ടികളെ കരക്കെത്തിച്ച ശേഷം മുങ്ങി പോവുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മാഹി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികളാണ് ഒഴുക്കില്‍ അകപ്പെട്ടത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് സഹീര്‍ ഓടിയെത്തിയത്. ഉടന്‍ തന്നെ ഇദ്ദേഹം കനാലിലേക്ക് ചാടി മൂന്നു കുട്ടികളെയും കരയ്ക്ക് എത്തിക്കുകയായിരുന്നു.
എന്നാല്‍ ഇതിന് ശേഷം ഇയാള്‍ കയത്തില്‍പ്പെട്ട് മുങ്ങി പോകുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും സഹീറിനെ രക്ഷിക്കാനായില്ല. ഉടന്‍ തന്നെ വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സു നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് സഹീറിന്റെ മൃതദേഹം ലഭിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.