ജീവനക്കാര്‍ക്ക് ഇസ്രയേലി പക്ഷപാതം ; അന്വേഷണം പ്രഖ്യാപിച്ച് ഫേസ്ബുക്ക്

ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ നീക്കം ചെയ്യുന്നുവെന്ന ആരോപണത്തില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കുമെന്ന് ഫേസ്ബുക്ക്. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായി ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങള്‍ക്കിടെ അറബിക്, ഹിബ്രു ഭാഷകളിലുള്ള പോസ്റ്റുകളുടെ മോഡറേഷന്‍ സംബന്ധിച്ചുള്ള അന്വേഷണത്തിന് പുറത്തുള്ള ഏജന്‍സിയെ ഏല്‍പ്പിക്കുകയാണെന്നും, അവരുടെ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കുമെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. ഫലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുപിടിക്കാന്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് ഈ നീക്കം.

‘ബിസിനസ്, മനുഷ്യാവകാശം എന്നീ മേഖലകളില്‍ വിദഗ്ധരായ ബി.എസ്.ആറുമായി (ബിസിനസ് ഫോര്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) ഞങ്ങള്‍ കൈകോര്‍ക്കുകയാണ്. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായി ഫലസ്തീനിലും ഇസ്രയേലിലും നടന്ന അക്രമങ്ങളില്‍ ഫേബ്സുക്കിന്റെ സ്വാധീനം സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നതിനു വേണ്ടിയാണിത്. ബി.എസ്.ആര്‍ ഫേസ്ബുക്കിനുള്ളിലെ വ്യക്തികളുമായും ബാധിക്കപ്പെട്ട വ്യക്തികളുമായും സംസാരിക്കും. ബിസിനസ്, മനുഷ്യാവകാശ മേഖലകളില്‍ യു.എന്‍ നയങ്ങള്‍ക്കനുസൃതമായി നയം പരിഷ്‌കരിക്കുന്നതില്‍ അവരുടെ ശിപാര്‍ശകളെ ഞങ്ങള്‍ ആശ്രയിക്കും.’ – ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തല്‍ അടുത്ത വര്‍ഷം പുറത്തുവിടുമെന്നും കമ്പനി വ്യക്തമാക്കി.

ഫലസ്തീനികളുടെയും ഫലസ്തീന്‍ അനുകൂലികളുടെയും ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്യുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ആരോപിച്ചിരുന്നു. ഗസ്സയ്ക്കു മേലുള്ള ഇസ്രയേല്‍ അതിക്രമത്തിനിടയിലും അതിനു മുമ്പും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നതായി ഫേസ്ബുക്കിലെ തന്നെ 200 ഓളം ജീവനക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. വിമര്‍ശനങ്ങള്‍ക്കു പിന്നാലെ, ഇസ്രയേല്‍ – ഫലസ്തീന്‍ വിഷയത്തിലുള്ള ഉള്ളടക്കങ്ങള്‍ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണത്തില്‍ പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് സ്വതന്ത്ര അന്വേഷണം നടത്തിക്കണമെന്ന് ഫേസ്ബുക്കിന്റെ ഓവര്‍സൈറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. അന്വേഷണം നടത്തുന്ന ഏജന്‍സി ഇസ്രയേലുമായോ ഫലസ്തീനുമായോ ബന്ധമുള്ളതായിരിക്കരുതെന്നും അറബിക്, ഹിബ്രു ഭാഷകളിലുള്ള ഉള്ളടക്കങ്ങളില്‍ മാനുഷികവും ഓട്ടോമേറ്റഡും ആയ മോഡറേഷനുകളില്‍ പരിശോധിക്കപ്പെടണമെന്നും ബോര്‍ഡ് വ്യക്തമാക്കി.