ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കും : മോദി
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ് ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒരു ലക്ഷ്യം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴു കമ്പനികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ കമ്പനികള്‍ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണത്തിനും നവീകരണത്തിനുമാവും ഈ കമ്പനികള്‍ ഊന്നല്‍ നല്‍കുകയെന്ന് മോദി അറിയിച്ചു. പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞകള്‍ എടുക്കുകയാണ് നമ്മള്‍. ഭാവിയുടെ സാങ്കേതിക വിദ്യയില്‍ ആയിരിക്കണം പ്രതിരോധ ഗവേഷണത്തിന്റെ ശ്രദ്ധ. അതിനായി ഗവേഷകര്‍ക്ക് അവസരം നല്‍കണം. സ്റ്റാര്‍ട്ട് അപ്പുകള്‍ ഈ പുതിയ കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. പ്രതിരോധ രംഗത്ത് മുന്‍പ് ഒരിക്കലും ഇല്ലാത്ത സുതാര്യതയും വിശ്വാസവും ഇന്ന് ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മ്യുനിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എംഐഎല്‍), ആര്‍മേഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്‍ഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫര്‍ട്ട്സ് ലിമിറ്റഡ് (ടിസിഎല്‍), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈല്‍), ഇന്ത്യ ഒപ്റ്റല്‍ ലിമിറ്റഡ് (ഐഒഎല്‍), ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎല്‍), എന്നിവയാണ് പുതിയ ഏഴ് പ്രതിരോധ കമ്പനികള്‍. രാജ്യത്തെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കുന്നതിന്റെ ഭാഗമായി ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡിനെ ഒരു വകുപ്പില്‍ നിന്ന് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി മാറ്റാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഈ നീക്കം മെച്ചപ്പെട്ട സ്വയംഭരണവും കാര്യക്ഷമതയും കൈവരിക്കാനും പുതിയ വളര്‍ച്ചാ സാധ്യതകള്‍ ഉയര്‍ത്തിക്കൊണ്ട് വരാനും സഹായകമാകും എന്നാണ് കേന്ദത്തിന്റെ വിലയിരുത്തല്‍.