ഏറ്റുമുട്ടല്‍ തുടരുന്നു ; രണ്ട് സൈനികര്‍ക്ക് കൂടി വീരമൃത്യു
ജമ്മുകാശ്മീരില്‍ തുടരുന്ന ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് കൂടി വീരമൃത്യു. വ്യാഴാഴ്ച രാത്രിയാണ് പൂഞ്ച് ജില്ലയിലെ മെന്തറില്‍ നര്‍ഖാസ് വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയില്‍ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്‍ക്കാലികമായി അടച്ചിരുന്നു. സംയുക്ത ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായി സൈന്യം അറിയിച്ചു.
കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഭീകരവാദികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. അതിര്‍ത്തി കടന്നെത്തിയ മൂന്നോ നാലോ ഭീകരര്‍ പ്രദേശത്തുണ്ടെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മലയാളി സൈനികന്‍ ഉള്‍പ്പെടെ അഞ്ചു സെനികര്‍ വീരമൃത്യു വരിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സുരക്ഷാ സേനയുടെ ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് സൂറന്‍കോട്ടിലെ ഡികെജിക്കു സമീപമുള്ള ഗ്രാമത്തില്‍ അതിരാവിലെ ഓപ്പറേഷന്‍ ആരംഭിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു.