കനത്ത മഴയില്‍ മുങ്ങി കേരളം ; ഉരുള്‍ പൊട്ടലില്‍ കോട്ടയത്തു മൂന്നു മരണം

ശക്തമായ മഴയില്‍ വിറങ്ങലിച്ചു കേരളം. അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പല പ്രധാന ഡാമുകളും തുറന്നു വിട്ടു. വ്യത്യസ്ത സംഭവങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു വരികയാണ്. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തൊടുപുഴ കാഞ്ഞാറിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കാറില്‍ നിന്ന് കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാം തുറന്നു.

സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശമുണ്ട്. തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും.

ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പത്തനംതിട്ടയില്‍ കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്. കക്കി – ആനത്തോട് ഡാം തുറക്കുന്നത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം തീരുമാനമെടുക്കും. ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് തുടരുകയാണ്. രാത്രികാല യാത്രാനിരോധനം ഈ മാസം 20 വരെ നീട്ടി.കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴയാണ്. തെന്മല ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. അഞ്ചല്‍ ആയൂര്‍ പാതയില്‍ റോഡ് തകര്‍ന്നു. റോഡ് നിര്‍മാണം നടക്കുന്ന പെരിങ്ങള്ളൂര്‍ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകര്‍ന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകര്‍ന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്- വാഗമണ്‍ റോഡില്‍ ഉരുള്‍പൊട്ടി. ജനവാസ മേഖലയല്ലാത്തതിനാല്‍ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തില്‍ ചെറിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവര്‍ പല സ്ഥലങ്ങളിലും കുടുങ്ങി.

കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാത്രം 16 പേരെ കണ്ടെത്താനുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാഹചര്യം മോശമാണെന്നും കൂട്ടിക്കലിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനുള്ള സാഹചര്യവും അനുകൂലമല്ലെന്നും മന്ത്രി അറിയിച്ചു. ‘എയര്‍ലിഫ്റ്റിനുള്ള സംഘം ഉടന്‍ അപകടസ്ഥലങ്ങളില്‍ എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. നിലവില്‍ 2018ലെ പ്രളയത്തിനു സമാനമായ സാഹചര്യമില്ല. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലിലിറങ്ങരുത് എന്നും മന്ത്രി പറഞ്ഞു.