കനത്ത മഴയും കാറ്റും ; വൈദ്യുത മേഖലക്ക് കനത്ത നഷ്ടം
സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കാറ്റിലും വൈദ്യുത മേഖലക്ക് ലക്ഷങ്ങളുടെ നഷ്ടം .മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ തകരുകയും ചെയ്തു. കോട്ടയം ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. പലയിടത്തും കനത്തമഴ തുടരുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഹൈ ടെന്‍ഷന്‍ ലൈനുകളും ട്രാന്‍സ്ഫോമറുകളും ഓഫ് ചെയ്തിരിക്കുകയാണ്. വൈദ്യുതിബന്ധം തകരാറിലായ പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കനത്തമഴയില്‍ അപകടസാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ അതത് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലോ, പ്രത്യേക എമര്‍ജന്‍സി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണ്. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരായ 1912 ല്‍ വിളിച്ച് രേഖപ്പെടുത്താവുന്നതാണ്.