ഐഫോണ്‍ ബുക്ക് ചെയ്തു ; ആലുവ സ്വദേശിക്ക് കിട്ടിയത് വിം സോപ്പും 5 രൂപ നാണയവും

ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ വാങ്ങി പണി കിട്ടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ഇത്തവണ കേരളത്തിലാണ് സംഭവം. ആമസോണില്‍ നിന്നും ഐഫോണ്‍ 12 ബുക്ക് ചെയ്ത ആലുവ സ്വദേശിയായ പ്രവാസിക്ക് ലഭിച്ചത് വിം സോപ്പും, അഞ്ച് രൂപ നാണയവും. ആലുവ തോട്ടുമുഖം സ്വദേശിയായ നൂറുള്‍ അമീനാണ് ഈ ദുരാനുഭവം നേരിട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 12നാണ് ഐഫോണ്‍ 12 സ്മാര്‍ട്ട്‌ഫോണ്‍ ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇദ്ദേഹം വാങ്ങുന്നത്. ആമസോണിന്റെ പ്രൈം മെമ്പറാണ് താനെന്നും. 2015 മുതല്‍ ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ എഴുപതിനായിരത്തിന് മുകളിലുള്ള തുക മുടക്കി വലിയ പര്‍ച്ചേസിംഗ് നടത്തുന്നത് ആദ്യമാണ്.

വെള്ളിയാഴ്ച രാവിലെയോടെയാണ് ഡെലിവറി പാക്കറ്റുമായി ഏജന്റ് എത്തിയത്. അടുത്തിടെ ഇത്തരം വലിയ ഓഡറുകളില്‍ തട്ടിപ്പ് നടന്നതിനാല്‍ ഏജന്റിന്റെ മുന്നില്‍ നിന്ന് തന്നെ പാക്കറ്റ് തുറന്നപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം നൂറുള്‍ മനസിലാക്കുന്നത്. ഒരു വിം സോപ്പും അഞ്ച് രൂപയുടെ നാണയവുമാണ് പാക്കറ്റില്‍ ഉണ്ടായിരുന്നത്. ഖത്തറില്‍ പ്രവാസിയായ നൂറുള്‍ കഴിഞ്ഞ രണ്ട് മാസമായി അവധിയില്‍ നാട്ടിലുണ്ട്. നാട്ടിലെ പിതാവിന്റെ പേരിലാണ് ഐഫോണ്‍ 12 ഓഡര്‍ നടത്തിയിരുന്നത്. ആമസോണ്‍ പരാതി പരിഹാര സേവനത്തില്‍ വിളിച്ചപ്പോള്‍ അന്വേഷണ സമയമായി രണ്ട് ദിവസം വേണമെന്നാണ് പറഞ്ഞതെന്ന് നൂറുള്‍ പറയുന്നു. തുടര്‍ന്നാണ് ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ തട്ടിയെടുത്തവരെ കണ്ടെത്താന്‍ സാധിക്കുമോ എന്ന സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് നൂറുള്‍ പറയുന്നത്. ആമസോണില്‍ നിന്നുള്ള പ്രതികരണത്തിന് കാത്തിരിക്കുകയാണ് ഈ പ്രവാസി.