ബില്‍ ഗേറ്റ്സിന്റെ മകള്‍ വിവാഹിതയായി ; വരന്‍ ഈജിപ്ഷ്യന്‍ സ്വദേശി
ബില്‍ ഗേറ്റ്സിന്റെ മകള്‍ ജെനിഫര്‍ ഗേറ്റ്സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ നയല്‍ നസാറാണ് വരന്‍. ഇന്ന് ന്യൂയോര്‍ക്കില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ 300 പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബില്‍ ഗേറ്റ്സിന്റെയും മെലിന്‍ഡ ഗേറ്റ്സിന്റെയും കൈകള്‍ പിടിച്ചാണ് ജെനിഫര്‍ വിവാഹ വേദിയിലെത്തിയത്. വെര വാംഗ് ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രമാണ് ജെനിഫര്‍ ധരിച്ചിരുന്നത്.2020 ജനുവരിയിലാണ് ജെനിഫറും നസാറും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നത്.
ടോക്യോ ഓളിമ്പിക്സില്‍ കുതിരയോട്ട മത്സരത്തില്‍ ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് നസാറാണ്. എന്നാല്‍ സ്വര്‍ണം നേടാന്‍ സാധിച്ചില്ല. നിലവില്‍ ലോക റാങ്കില്‍ നസാര്‍ 44-ാം സ്ഥാനത്താണ്. 2018 ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയപ്പോള്‍ അച്ഛന്‍ ബില്‍ ഗേറ്റ്സ് ജെനിഫറിന് സമ്മാനമായി നല്‍കിയ എസ്റ്റേറ്റിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. 124 ഏക്കര്‍ വരുന്ന എസ്സ്റ്റേറ്റ് 16 മില്യണ്‍ ഡോളര്‍ വില നല്‍കിയാണ് അന്ന് സ്വന്തമാക്കിയത്. ഒരുകാലത്തു ലോക കോടീശ്വരന്മാരില്‍ ഒന്നാമന്‍ ആയിരുന്നു മൈക്രോസോഫ്റ്റ് കമ്പനിയുടെ ഉടമയായ ബില്‍ ഗേറ്റ്‌സ്.