പത്തനംതിട്ടയില്‍ ശക്തമായ മഴ തുടരുന്നു ; ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും

പത്തനംതിട്ടയില്‍ ശക്തമായ മഴ. തിരുവല്ല-ചെങ്ങന്നൂര്‍ എം സി റോഡില്‍ വിവിധ ഇടങ്ങളില്‍ വെള്ളം കയറി.ഗതാഗത കുരുക്കും രൂക്ഷമാണ്. ജില്ലയില്‍ പകല്‍ മുഴുവന്‍ ഇടവിട്ടുള്ള മഴയുണ്ടായിരുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദത്തിന്റെ പ്രവചനം പോലെ പത്തനംതിട്ടയില്‍ മഴ രൂക്ഷമാണ്. പല ഇടങ്ങളിലും ഇടവിട്ട മഴയാണെങ്കിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. പ്രത്യേകിച്ച് അച്ഛന്‍ കോവിലിന്റെ തീരങ്ങളിലും മണിമലയാറിന്റെ തീരത്തും ശക്തമായ മഴയാണ് പെയ്യുന്നത്. പെയ്ത്ത് വെള്ളത്തിന്റെ അളാവാണ് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍.

നദികളില്‍ എത്തുന്ന വെള്ളം ഒഴുകി മാറുന്നതിന് കാലതാമസമെടുക്കുന്നു എന്നതാണ് നിലവിലെ സാഹചര്യം. കോന്നി മുതല്‍ പന്തളം വരെയുള്ള ഭാഗങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ്. കൂടാതെ മണിമലയാറിന്റെ തീരത്ത് പ്രത്യേകിച്ച് മല്ലപ്പള്ളി മുതല്‍ തിരുവല്ല വരെയുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ടാണ്. പലരെയും വീടുകളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. പ്രദേശത്തെ പലയിടങ്ങളിലും ഫയര്‍ഫോര്‍സും എന്‍ ഡി ആര്‍ എഫും ജനങ്ങളും നേരിട്ടിറങ്ങി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യമാണ്.

മറ്റൊരു ഗുരുതരമായ സാഹചര്യമാണ് തിരുവല്ലയിലേത് അപ്പര്‍ കുട്ടനാടാട്ടിന്റെ ഭാഗമായത് കൊണ്ടുതന്നെ വെള്ളം അധികം എത്തുന്നതും തിരുവല്ലയിലാണ്. മണിമലയാര്‍ കടന്നുപോകുന്ന തിരുവല്ലയിലെ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. റോഡുകളില്‍ വെള്ളം കയറി, ചെങ്ങന്നൂര്‍-തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളം കയറി. തിരുവല്ലയിലെ പലയിടത്തും ഗതാഗത കുരുക്കും നേരിടുന്നു. അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുനല്‍കി. ഈ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളതീരത്തിന് സമീപം തെക്കു-കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നല്‍ മേഘങ്ങള്‍ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. ഇന്ന് വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.