കനത്ത മഴയും ഉരുള്‍ പൊട്ടലും ; മരണം 24 ആയി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഉരുള്‍പൊട്ടല്‍ നാശംവിതച്ച ഇടുക്കി കൊക്കയാറില്‍ നിന്ന് ആറ് മൃതദേഹം കണ്ടെത്തി. കോട്ടയം കൂട്ടിക്കലില്‍ ഒരു കുടുംബത്തിലെ ആറുപേരടക്കം 12 പേരും മരിച്ചു. ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ രണ്ടുപേരും പെരുവന്താനത്ത് ഒരാളും മരണപ്പെട്ടിട്ടുണ്ട്. ദുരന്തഭൂമിയില്‍ രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്കുശേഷമാണ് കാര്യമായ പുരോഗതിയുണ്ടായത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. ഇത് തിരച്ചിലിന് അനുകൂലമായ സ്ഥിതിയാണ്. കാണാതായവരെ മുഴുവന്‍ കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു.

കനത്ത മഴക്കിടെയാണ് കൊക്കയാറില്‍ ഉരുള്‍പൊട്ടലുണ്ടായത്. ശനിയാഴ്ച രാവിലെ മുതല്‍ മഴയുണ്ടായെങ്കിലും ഉച്ചയോടെയാണ് കൊക്കയാറിനു സമീപത്ത ഒരു മലഞ്ചെരിവ് ഒന്നാകെ ഉരുള്‍പൊട്ടി വീടുകള്‍ക്ക് മുകളിലേക്ക് ഒഴുകിയെത്തിയത്. നിമിഷങ്ങള്‍ക്കകം തന്നെ അഞ്ച് വീടുകള്‍ ഒന്നാകെ ഒലിച്ചുപോയി. അമീന്‍ സിയാദ്(10), അംന സിയാദ്(ഏഴ്), അഫ്സാര ഫൈസല്‍(എട്ട്), അഫിയാന്‍ ഫൈസല്‍(നാല്), സച്ചു ഷാഹുല്‍ (ഏഴ്), ഫൗസിയ സിയാദ്(28), ഷാജി ചിറയില്‍(55), ആന്‍സി സാബു(50) എന്നിവരെയാണ് കൊക്കയാറില്‍ കാണാതായിരുന്നത്. കോട്ടയം കൂട്ടിക്കലില്‍ ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമൊന്നാകെയാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരെയാണ് അപകടത്തില്‍ കാണാതായിരുന്നത്.

വിതുര കല്ലാര്‍ – നെല്ലിക്കുന്ന് ചെക്ക്ഡാമില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം ചിറയ്ക്കല്‍ കൈമനം അമ്പാടി ഹൗസ് അഭിലാഷ് (23) ആണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 24 ആയി ഉയര്‍ന്നത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 24 ആയി. വിതുര കല്ലാര്‍ – നെല്ലിക്കുന്ന് ചെക്ക്ഡാമില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മുങ്ങി മരിച്ചു. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ ഇന്നലെ മരിച്ചിരുന്നു. വടകര കുന്നുമ്മക്കരയില്‍ രണ്ട് വയസുകാരന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തല്‍ ഷം ജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. രാവിലെ കടയില്‍ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടില്‍ വീഴുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു.

ഇതിനിടെ കേരള തീരത്തുള്ള ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞുവരികയാണെന്നത് ആശ്വാസമായി. അതേസമയം അടുത്ത് മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.