മരണ കാലമായി മലയാളികള്‍ക്ക് മഴക്കാലം ; ഉത്തരം പറയേണ്ടത് ആര്…?
മൂക്കൻ
മഴ എന്നത് ദൈവം അനുഗ്രഹിച്ചു മലയാളികള്‍ക്ക് നല്‍കിയ ഒന്നാണ് എന്നാണ് മറ്റു സംസ്ഥാനക്കാര്‍ പറയുന്നത്.തൊട്ടടുത്ത് കിടക്കുന്ന സംസ്ഥാനത്തിനെ ഏറ്റവും ബാധിക്കുന്ന ജലക്ഷാമം നമ്മളെ അറിയിക്കാത്തത് ഈ മഴയാണ്. എന്നാല്‍ ഇപ്പോള്‍ മഴക്കാലം എന്നത് മരണകാലമായി മാറിക്കഴിഞ്ഞു. ആരാണ് ഇതിന് ഉത്തരവാദി…? പ്രകൃതി മാത്രമാണോ അല്ല. നാം ഓരോരുത്തരും നമ്മളെ ഭരിക്കുന്ന അധികാരികള്‍ പോലും ഇതിന്റെ ഉത്തരവാദി ആണ്.
ബന്ധുവീട്ടിലെ വിവാഹത്തിന് എത്തിയ കുരുന്നുകളുടെ സന്തോഷത്തിനിടയ്ക്കാണ് കൊക്കയാറില്‍ മരണം ഉരുള്‍പൊട്ടലായി ഇരച്ചെത്തിയത്. കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം കണ്ടെത്തിയപ്പോഴത്തെ കാഴ്ച കണ്ടുനിന്നവര്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. തൊട്ടിലില്‍ ഉറങ്ങുന്ന നിലയിലും കെട്ടിപ്പിടിച്ചും കിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം ലഭിച്ചത്. ഭാര്യയും രണ്ട് മക്കളുമടക്കം അടക്കം ഉറ്റവരായ 5 പേരെ നഷ്ടമായ സിയാദ് ദുരന്ത ഭൂമിയിലെ നീറുന്ന കാഴ്ചയായി.
തകര്‍ത്തു പെയത് മഴയിലും (Rain) ഉരുള്‍ പൊട്ടലില്‍ കുത്തിച്ചെത്തിയ പാറയും വെള്ളവും 7 വീടുകളാണ് കൊക്കയാറില്‍ തകര്‍ത്തത്. മണ്ണില്‍ പുതഞ്ഞവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ ദുരന്തഭൂമിയുടെ ഓരത്ത് കാഞ്ഞിരപ്പള്ളി സ്വദേശി സിയാദുമുണ്ടായിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് ഭാര്യവീട്ടില്‍ എത്തിയ ഫൗസിയയും മക്കളായ പത്തുവയസുകാരന്‍ അമീനും 7വയസുകാരി അംനയും സഹോദരന്റെ മക്കളായ അഫ്സാനയും അഫിയാനെയുമായിരുന്നു സിയാദിന് ദുരന്തത്തില്‍ നഷ്ടമായത്.
മരണത്തിന് തൊട്ടുമുന്‍പ് മക്കള്‍ മൊബൈലില്‍ എടുത്ത വീഡിയോ കാണുമ്പോഴും അവര്‍ തിരിച്ചുവരുമെന്ന എന്ന പ്രതീക്ഷയായിരുന്നു സിയാദിനുണ്ടായിരുന്നത്.ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണില്‍ പുത്തഞ്ഞ കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ ഓരോന്നായി പുറത്തെടുക്കുമ്പോള്‍ 2കുട്ടികള്‍ പരസ്പരം കെട്ടിപ്പുണര്‍ന്ന നിലയിലും ഒരാള്‍ തൊട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൂന്നുവയസുകാരന്‍ സച്ചു ഷാഹുലിനെയാണ് കണ്ടെത്താനുള്ളത്.
ഓരോ പെരുമഴക്കാലവും തീരാത്ത നോവ് നല്‍കിയാണ് കേരളത്തില്‍ നിന്നും പോകുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മഴ എന്നത് മരണത്തിന്റെ മറ്റൊരു പേരായി മാറിയിരിക്കുന്നു. തുടര്‍ച്ചയായി നാലാം വര്‍ഷവും മഴ മലയാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിക്കഴിഞ്ഞു. 2018 ലെ ഒന്നാം പ്രളയവും 2019 ലെ രണ്ടാം പ്രളയവും മലയാളികള്‍ ഒരിക്കലും മറക്കില്ല. അതിന്റെ അത്രയും ഭീകരമായില്ല എങ്കിലും കഴിഞ്ഞ വര്‍ഷവും മഴ ഏറെ ജീവനുകള്‍ കവര്‍ന്നു. മഴ പെയ്താല്‍ ഉരുള്‍ പൊട്ടലും നദികള്‍ കര കവിഞ്ഞു ഒഴുകുന്നതും നിത്യ സംഭവമായി മാറി കഴിഞ്ഞിരിക്കുന്നു. കനത്ത മഴയില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടി വരികയാണ്. സ്വാര്‍ഥ ലാഭത്തിനു വേണ്ടി മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ക്ക് പ്രകൃതി നല്‍കുന്ന മറുപടിയാണ് ഇത്. സര്‍ക്കാരും അധികാരികളും ഇതിനു കുട പിടിക്കുമ്പോള്‍ നഷ്ടമാകുന്നത് മനുഷ്യ ജീവനും.
ഒരു നിയന്ത്രണം ഇല്ലാതെ കുന്നുകള്‍ ഇടിച്ചു നിരത്തുന്നതും പാറ പൊട്ടിക്കുന്നതും ഇപ്പോഴും കേരളത്തില്‍ സര്‍വ്വ സാധാരണമായി കഴിഞ്ഞു. എന്തെങ്കിലും ദുരന്തം ഉണ്ടാകുമ്പോള്‍ കുറച്ചു ദിവസം നിര്‍ത്തി വെക്കുന്ന പാറ പൊട്ടിക്കല്‍ രാഷ്ട്രീയ പിടിപാടുകളുടെ പിന്‍ബലത്തില്‍ വീണ്ടും തുടരുന്ന സ്ഥിതിയാണ്. അതുപോലെ എല്ലാ പഞ്ചായത്തിലും ക്വറികള്‍ക്ക് അനുമതി നല്‍കിയിട്ടും അധിക കാലം ആയിട്ടില്ല. അതുപോലെ പശ്ചിമഘട്ടം (Western Ghats) ആകെ തകര്‍ക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നും 2013 ല്‍ ഗാഡ്ഗില്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയായ കാഴ്ചയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം കണ്ടത്.
കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.’- 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ ആശങ്കയാണ് ഇപ്പോള്‍ നാട്ടില്‍ കാണുവാന്‍ സാധിക്കുന്നത്. മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോഴും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ വ്യാപകമാകുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചര്‍ച്ചയായത്. മലയാളി പ്രളയത്തെയും ഉരുള്‍പൊട്ടലുകളെയും നേരിട്ട് തുടങ്ങിയ കഴിഞ്ഞ് പോയ വര്‍ഷങ്ങളില്‍ എല്ലാം ഈ വാചകവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും മഴ തോരുന്നത് വരെ സോഷ്യല്‍ ലോകത്ത് നിറഞ്ഞുനില്‍ക്കുന്നത് പതിവ് കാഴ്ചയാണ്. ദുരന്തം നടന്ന ഉടന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കും എന്ന് പറയുകയും പിന്നെ അത് മറക്കുകയും ചെയ്യുന്നു.
കഴിഞ്ഞ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയ പ്രദേശം ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയ പരിസ്ഥിതി ദുര്‍ബല മേഖലയിലെന്നാണ് റിപ്പോര്‍ട്ട്. പാറപൊട്ടിക്കലും നിര്‍മാണവും പൂര്‍ണമായും നിരോധിക്കേണ്ട പ്രദേശങ്ങളിലാണ് കൂട്ടിക്കല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രദേശത്തെ വല്യേന്ത, എളങ്കാട്, മേഖലകളില്‍ പാറപൊട്ടിക്കല്‍ വ്യാപകമാണ്. ഇതുതന്നെയാണ് ഉരുള്‍പൊട്ടലിലേക്ക് നയിച്ചതെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. കൂട്ടിക്കലില്‍ പ്ലാപ്പള്ളിയിലും കാവാലിയിലുമാണ് ശനിയാഴ്ച ഉരുള്‍പൊട്ടിയത്. ആദ്യത്തെ ഉരുള്‍പൊട്ടലിലാണ് കൂടുതല്‍ ആളുകളെ കാണാതായത്. അതുപോലെ ക്വറി മാഫിയയെ സഹായിക്കുവാന്‍ വേണ്ടി നദികളില്‍ നിന്നും മണല്‍ എടുക്കുന്നത് തടഞ്ഞതും ഇപ്പോള്‍ ദുരന്തത്തിന് ആക്കം കൂട്ടുന്നുണ്ട്.
പല വലിയ നദികളും ഇപ്പോള്‍ തോടിന്റെ അവസ്ഥയിലാണ് ഒഴുകുന്നത്. കയ്യേറ്റം കൂടാതെ മഴയത്തു വന്നു അടിയുന്ന ചെളിയും മണലും കൂടി കിടന്നു നദികളും പുഴകളും കരയാകുന്ന അവസ്ഥയാണ് ഇപ്പോള്‍. ഇതേ അവസ്ഥയില്‍ ആണ് ഡാമുകളും. പല ഡാമുകളും സംഭരണ ശേഷിയുടെ പകുതിയില്‍ കൂടുതല്‍ ചെളി അടിഞ്ഞ സ്ഥിതിയിലാണ്. തിരുവനന്തപുരത്തെ അരുവിക്കര ഡാം ഉദാഹരണം. പണ്ട് കാലത്ത് എത്ര മഴ പെയ്താലും തുറക്കാത്ത ഡാം ഇപ്പോള്‍ ചെറിയ ഒരു മഴ പെയ്താല്‍ തുറന്നു വിടേണ്ട അവസ്ഥയിലാണ്. ഡാമിലെ ചെളി വാരികളയാന്‍ കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ പല തവണ ഉത്തരവ് ഇറങ്ങിയത് രാഷ്ട്രീയ പിടിപാടുകള്‍ മുതലാക്കി യൂണിയന്‍ സഹായത്തോടെ ഉദ്യോഗസ്ഥര്‍ ആട്ടി മറിക്കുകയായിരുന്നു. ഇനിയും ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ തുടര്‍ന്നാല്‍ വരും കാലങ്ങളിലും മഴക്കാലം എന്നത് മരണ കാലമായി മാറുന്നത് മലയാളികള്‍ നോക്കി നില്‍ക്കേണ്ടി വരും.