സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പ്ലസ് വണ്‍ പരീക്ഷകള്‍ക്കൊപ്പം വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചു.

എംജി യൂണിവേഴ്‌സിറ്റിയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ് സര്‍വകലാശാല നാളെ (ഒക്ടോബര്‍ 18) ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ആരോഗ്യ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.