കോവിഡ് സമയം ക്ഷയരോഗ മരണത്തിലും വര്‍ധന; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

കോവിഡ് കാലത്തു ക്ഷയ രോഗ മരണങ്ങളും വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. കോവിഡ് കാരണം വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ക്ഷയം രോഗം പരിശോധിക്കുന്നത്. ഇക്കാരണത്താലാണ് ക്ഷയരോഗം വളരെ പെട്ടന്ന് ഉയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം ഇപ്പോള്‍ ക്ഷയരോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ട്. വ്യാഴാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ക്ഷയരോഗികളുടെ കണക്ക് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരണ സമയത്ത്, ലോകാരോഗ്യ സംഘടന പറഞ്ഞത്, കഴിഞ്ഞ വര്‍ഷം മാത്രം, ക്ഷയരോഗ ബാധ മൂലം ലോകത്താകമാനം 15 ലക്ഷം ആളുകള്‍ മരിച്ചുവെന്നാണ്.

ഇത് 2019ല്‍ പ്രസിദ്ധീകരിച്ച കണക്കിലും കൂടുതലാണ്. 2019ല്‍ 14 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാചീന കാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഈ അണുബാധയുടെ തെളിവുകള്‍ ഈജിപ്ഷ്യന്‍ മമ്മികളിലും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റേത് പകര്‍ച്ച വ്യാധിയിലും കൂടുതല്‍ ആളുകള്‍ ക്ഷയ രോഗം മൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. എയിഡ്സ്, മലേറിയ തുടങ്ങിയ മാരക രോഗങ്ങള്‍ മൂലം മരണപ്പെടുന്നതിലും അധികം ആളുകള്‍ മരണപ്പെടുന്നത് ക്ഷയരോഗം മൂലമാണന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 

മുന്‍കാല കണക്കുകള്‍ എടുക്കുകയാണെങ്കില്‍ വളരെ കുറച്ച് ആളുകളിലാണ് 2020ല്‍ പുതിയതായി ക്ഷയരോഗം കണ്ടെത്തിയിരിക്കുന്നത്. 2020ല്‍ 58 ലക്ഷം ആളുകളിലാണ് പുതിയതായി ക്ഷയരോഗം കണ്ടെത്തിയിരിക്കുന്നത്, എന്നാല്‍ 2019ല്‍ ഇത് 71 ലക്ഷം ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഔദ്യോഗികമായി കണ്ടെത്തിയതിന് പുറമേ 40 ലക്ഷം ആളുകളില്‍ കൂടി ക്ഷയരോഗം ബാധിച്ചിട്ടുണ്ടാകാം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവര്‍ ഇതുവരെ പരിശോധനകള്‍ക്ക് വിധേയരായിട്ടില്ല. ഇത് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കിനെ അപേക്ഷിച്ച് 29 ലക്ഷം ആളുകളുടെ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.