ഇടുക്കി ഡാം നാളെ തുറക്കും

നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാം തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയര്‍ത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്റില്‍ പുറത്തുവിടും. 2,395 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തും. സമീപവാസികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും കലക്ടര്‍ ഷീബ ജോര്‍ജും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് ഡാം തുറക്കുന്ന കാര്യം അറിയിച്ചത്. ഉന്നതതല യോഗത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഡാമിന് സമീപത്തുള്ള 64 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള നടപടികളുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പുനരധിവാസം, സുരക്ഷ എന്നിവ ഉറപ്പാക്കും. മുമ്പുണ്ടായ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഡാം ഇപ്പോള്‍ തുറക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 140 cm ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാത്രി 10 ന് ഒന്നും നാലും ഷട്ടറുകള്‍ 5 cm വീതവും രണ്ടും മൂന്നും ഷട്ടറുകള്‍ 10 cm വീതവും ( മൊത്തം 170 cm) നാളെ രാവിലെ 04:00 മണിയ്ക്ക് ഇതേ അളവില്‍ 30 cm കൂടി ഉയര്‍ത്തുമെന്നും (മൊത്തം 200 cm) സമീപ വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിനേക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍. രാത്രിയില്‍ ജലനിരപ്പ് ഉയരും. അതിന് മുമ്പ് പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. പാണ്ടനാട്ടും തിരുവന്‍വണ്ടൂരും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. കക്കി ഡാം തുറന്നതോടെ ഒഴുകിയെത്തുന്ന ജലം രാവിലെയോടെ ചെങ്ങന്നൂരിലും കുട്ടനാട്ടിലും എത്തും. ഒന്നരയടി വരെ ജലനിരപ്പ് ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.