ആര്യന്‍ ഖാന്‍ കേസില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ശിവസേന നേതാവിന്റെ കത്ത്

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരുഖ്ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി പാര്‍ട്ടി കേസില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ശിവസേന നേതാവിന്റെ കത്ത്. കഴിഞ്ഞ ഒന്നര വര്‍ഷമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിനോദ വ്യവസായത്തെ ഉന്നം വെക്കുകയാണെന്ന് കത്തില്‍ പറയുന്നു. ബോളിവുഡ് നടന്‍ ശുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ചീഫ് ജസ്റ്റിസ് എന്‍.വി രമണക്കും മറ്റു സുപ്രീംകോടതി ജഡ്ജുമാര്‍ക്കും അയച്ച കത്തില്‍ പറയുന്നു.

ശിവസേന നേതാവ് കൂടിയായ കര്‍ഷക നേതാവ് കിഷോര്‍ തിവാരിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ‘കഴിഞ്ഞ മാസം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും മൂവായിരം കിലോ മയക്കുമരുന്ന് പിടികൂടിയതും മുംബൈ പോലീസിന്റെ നേട്ടങ്ങളും വെച്ച് നോക്കുമ്പോള്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ലഹരിപിടുത്തം വെറും തമാശ മാത്രമാണ്.’ അദ്ദേഹം പറഞ്ഞു. ‘ കഴിഞ്ഞ പതിനഞ്ച് മാസത്തോളമായി ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ഉന്നം വെക്കുന്നതിന്റെ പ്രചോദനം എന്താണ് എന്നും തിവാരി ചോദിക്കുന്നു.