സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ 25ന് തുറക്കും
നീണ്ട ആറു മാസത്തിനുശേഷം വീണ്ടും സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നു. തിങ്കളാഴ്ച (ഒക്ടോബര്‍ 25) മുതല്‍ മള്‍ട്ടിപ്ലക്സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കും. പകുതിപ്പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമെ പ്രവേശനമുണ്ടാവുകയുള്ളു. ഇന്ന് ചേര്‍ന്ന തീയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് പ്രദര്‍ശനം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. തീയറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി 22ന് ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും.
അതേസമയം വിവിധ നികുതി ഇളവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. വിനോദ നികുതി, വൈദ്യുതി, കെട്ടിട നികുതി എന്നിവയിലാണ് ഇളവ് ആവശ്യപ്പെട്ടത്. ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമകള്‍ സര്‍ക്കാറിനെ വീണ്ടും കാണുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഈ മാസം 25 മുതല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പകുതി സീറ്റുകളില്‍ ആളുകളെ ഇരുത്തി പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് തീയറ്റര്‍ ഉടമകള്‍ യോഗം ചേര്‍ന്നത്.