കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നത് മേഴ്സി കില്ലിങ്ങോ ?

കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മണവാരി സ്വദേശി ജഞാനദാസ് എന്ന ഗോപി(72)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ ദുരവസ്ഥ കണ്ടു മനംനൊന്താണ് കൊലപ്പെടുത്തിയതെന്ന് ഭാര്യയുടെ മൊഴി. പക്ഷാഘാതം വന്നു കഴിഞ്ഞ 10 വര്‍ഷമായി കിടപ്പിലായിരുന്ന ഗോപിയെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. രാവിലെ വീടിനുള്ളില്‍ വച്ചായിരുന്നു സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തത്. നിമിഷ നേരം കൊണ്ടു ഗോപി മരണപ്പെട്ടു. ഭര്‍ത്താവിന്റെ കഴുത്തറുത്ത ശേഷം പുറത്തേക്ക് ഓടിയ സുമതി സമീപത്തെ കുളത്തില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടു. ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ മകന്‍ സുനില്‍ദാസ് പുതുതായി വയ്ക്കുന്ന വീടിനുസമീപത്തെ ഒറ്റമുറി കെട്ടിടത്തിലാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസമായി മകള്‍ സുനിതയുടെ വീട്ടിലായിരുന്നു ഇരുവരും. സുനിലിന്റ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കളെ മണവാരിയിലെ വീട്ടില്‍ കൂട്ടിക്കൊണ്ടു വന്നത്. വീടിനുള്ളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ചികിത്സയില്‍ കഴിയുന്ന സുമതിയെ കസ്റ്റഡിയിലെടുത്തു.