ഡാം തുറക്കുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാനായി പുഴയിലേക്ക് ചാടരുത് ; മുന്നറിയിപ്പുമായി പൊലീസ്

ഡാമുകള്‍ തുറന്ന് വിടുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ പുഴയിലേക്ക് ചാടുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരത്തില്‍ മീന്‍ പിടിക്കാനായി പുഴയിലേക്ക് ചാടുന്ന അപകടകരമായ പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ജീവന്‍ ആപത്താണെന്നും പൊലീസ് പറയുന്നു. മീന്‍ പിടിക്കുന്നതിനായി ആളുകള്‍ പുഴയിലേക്ക് ചാടുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഡാം തുറക്കുമ്പോഴുള്ള കുത്തൊഴുക്കില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പുഴകളില്‍ മീന്‍ പിടിത്തവും പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ പകര്‍ത്തല്‍, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചു. വെള്ളം കടന്നുപോകുന്ന മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി.

മാധ്യമങ്ങള്‍ക്കും നിശ്ചിത സ്ഥാനത്ത് നിന്നാണ് വാര്‍ത്താ സംപ്രേഷണത്തിന് അനുമതി നല്‍കിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നത്. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളം ഒഴുകി വരുന്ന പ്രദേശത്തുള്ളവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാറിന്റെ തീരത്തേക്കിറങ്ങരുത്. അറബിക്കടലില്‍ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാല്‍ കടല്‍ തീരത്തും ജാഗ്രത വേണം.