‘വേണം’ യുവതയുടെ സംഗീതജ്വരം വൈറല്‍


വേണം എന്ന മലയാളം ആല്‍ബം സംഗീത പ്രേമികളുടെ ശ്രദ്ധ നേടുന്നു. എന്തിന്റേയും ഏതിന്റേയും പുതുക്കലിനായി നിലകൊളുന്ന യുവാക്കളെ പ്രതിനിധീകരിക്കുന്ന ‘വേണം’ എന്ന ഗാനം, പ്രമേയവും അവതരണവും കൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. താരതമ്യേന തുടക്കക്കാരായ ഇന്‍ഡി കലാകാരന്മാരുടെ കൂട്ടം അണിയിച്ചൊരുക്കിയ പാട്ട് കേവലം ദിവസങ്ങള്‍ക്കുള്ളിലാണ് യൂട്യൂബ് വഴി ഒരു ലക്ഷത്തിലധികം ശ്രോതാക്കളിലേക്കെത്തിയത്. ഒരു മലയാളം ഇന്‍ഡി ഗാനത്തിന് ലോകമെമ്പാടും ശ്രദ്ധ കിട്ടുന്നതും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ശ്രോതാക്കളെ ലഭിക്കുന്നതും സാധാരണമല്ല. സ്‌പോട്ടിഫയ്, ആപ്പിള്‍ മ്യൂസിക്, തുടങ്ങി മിക്ക ഡിജിറ്റല്‍ പ്ലാറ്റുഫോമുകളിലും ‘വേണം’ ഇന്ന് ലഭ്യമാണ്.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷബീര്‍ (ഷാബ്‌സ് ക്രാഫ്റ്റ്) എന്ന സംഗീതഞ്ജനാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ ഗാനമാണ്. ഇന്‍സ്ട്രുമെന്റല്‍ സിംഗിളുകളാണ് അദ്ദേഹത്തിന്റേതായി ഇതിനു മുന്നേ റിലീസ് ചെയ്തിട്ടുള്ളത്.


മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന കവി ആദിത്യ ശങ്കറിന്റേതാണ് വരികള്‍. 2002 മുതല്‍ കവിതകള്‍ മുഖ്യധാരയില്‍ പ്രസിദ്ധീകരിച്ചു വരുന്നു. ഒരു മലയാളം ഗാനത്തിനായുള്ള അദ്ദേഹത്തിന്റെ ആദ്യ സംരംഭമാണിത്.ആഫ്റ്റര്‍ സീയിങ്, പാര്‍ട്ടി പൂപ്പേര്‍ഴ്സ്, എക്‌സ് എക്‌സ് എല്‍ എന്നിവയാണ് ഇംഗ്ലീഷ് പുസ്തകങ്ങള്‍. ദൈവം അനിമേഷന്‍ പഠിച്ച കാലത്ത് മലയാളം കവിതാ സമാഹാരം. ബാംഗ്ലൂരില്‍ താമസം.

പ്രമുഖ ഗായകന്‍ ഹരീഷാണ് ‘വേണം’ ആലപിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി പടിഞ്ഞാറന്‍, ക്ലാസിക്കല്‍ ഭാഷകളില്‍ നന്നായി പരിശീലനം നേടിയ ഗായകന്‍ കൂടി ആണ് ഹരീഷ്. ഷബീറിനെപ്പോലെ അദ്ദേഹവും സിംഗപ്പൂരിലാണ് താമസം.

മൂവരും ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നുവെങ്കിലും സംഗീതം അവരെ ഒരുമിച്ച് കൊണ്ടുവന്നു. ഷബീറും ആദിത്യനും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. അതേസമയം ഹരീഷും ഷബീറും സിംഗപ്പൂരില്‍ കണ്ടു മുട്ടി. പുതിയതും വ്യത്യസ്തവുമായ കല സൃഷ്ടിക്കുക, ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുമായി സംവദിക്കുക; ഈ മൂവര്‍ സംഘത്തെ മുന്നോട്ട് നയിച്ച ലക്ഷ്യമിതാണ്.

‘സത്യം പറഞ്ഞാല്‍, പാട്ട് ഇത്രയധികം ശ്രോതാക്കളിലേക്കെത്തുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിലും സന്തോഷകരമായ കാര്യം, ഞങ്ങളുടെ ഗാനത്തിന് ഇതര രാജ്യങ്ങളിലെ മലയാളം അറിയാത്ത ശ്രോതാക്കളില്‍ നിന്ന് വരെ ലഭിക്കുന്ന സ്വീകരണമാണ്. ഗാനത്തോടൊപ്പം ചേര്‍ത്ത സബ്-ടൈറ്റിലുകളാണ് ഇത് എല്ലാവരിലും എത്താന്‍ സഹായിച്ചത്. പാട്ടാസ്വദിക്കുക മാത്രമല്ല, അഭിപ്രായവും അറിയിക്കുന്നുണ്ട് വ്യൂവേഴ്സ്. വിമര്‍ശനവും ആസ്വാദനവും അറിയിച്ച എല്ലാവരോടും നന്ദി പറയുന്നു’, ഷബീര്‍ പറയുന്നു.

വേണം എന്ന ആശയം ആദ്യം ഉദിച്ചപ്പോള്‍ വരികള്‍ക്കായി ഷബീര്‍ അദ്ദേഹത്തിന്റെ സുഹൃത്ത് ആദിത്യനെ സമീപിക്കുകയായിരുന്നു. ഇന്നത്തെ യുവാക്കളുടെ മനോഭാവത്തെ അവരുടെ പരിസ്ഥിതി ബോധത്തെ അവരുടെ ചോദ്യം ചെയ്യലുകളെ കരുതലിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നതും എന്നാല്‍ അവരുമായി സംവദിക്കുന്നതുമായ ഒരു രചനയാണ് അവര്‍ പിന്നെ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. മുന്‍ തലമുറയെപ്പോലെ തങ്ങള്‍ക്ക് ചുറ്റുമുള്ള കുറവുകളും അനീതിയുമായി പൊരുത്തപ്പെടാന്‍ കൂട്ടാക്കാത്തവരെ ഈ പാട്ട് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പുതിയ തലമുറ എല്ലാം ചോദ്യം ചെയ്യണം, അര്‍ഹതപ്പെട്ട എല്ലാത്തിനും ആവശ്യപ്പെടണം, ഒന്നിലും വിട്ടുവീഴ്ച ചെയ്യരുത് എന്നെല്ലാം രസകരമായി അവതരിപ്പിക്കുക വഴി ‘മാറ്റം വേണം’ എന്ന് തന്നെയാണ് ‘വേണം’ മുന്നോട്ട് വെയ്ക്കുന്ന ആശയം.

കലാപത്തിന്റെയും കോപത്തിന്റെയും സ്വരത്തില്‍ ആരംഭിച്ച് ആനന്ദത്തിലേക്കും പ്രത്യാശയിലേക്കും പ്രാര്‍ത്ഥനയിലേക്കും വഴി മാറുന്ന പാട്ട്, ഷാബ്‌സ്‌ക്രാഫ്റ്റിന്റെ അഭിപ്രായത്തില്‍, ഒരു ‘മികച്ച നാളെ’ എന്ന പ്രത്യാശ സൃഷ്ടിക്കുന്നതിനായാണ് ഇങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നത്. റാപ്പ്, മെലഡി, ദക്ഷിണേന്ത്യന്‍ ക്ലാസിക്കല്‍ എന്നിവയുടെ സമന്വയമാണ് ഈ പാട്ട് എന്നതും രസകരമാണ്. റാപ്പിനും ക്ലാസിക്കലിനുമായി രണ്ട് ഗായകരെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും എല്ലാ ഗാന ശാഖയിലും പ്രാവീണ്യം നേടിയ ഹരീഷിനൊപ്പം പ്രവര്‍ത്തിച്ച ശേഷം ഒരു ഗായകന്‍ തന്നെ മതിയെയെന്ന് ഷബീര്‍ തീരുമാനിക്കുകയായിരുന്നു. ഒരു പുതിയ പാട്ട് സൂക്ഷ്മായ് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് എന്റെ പണി വളരെ എളുപ്പമാക്കി. എന്റെ 10 വയസ്സുള്ള മകന്റെ (ഇഷാന്‍) ചില സ്വരങ്ങളും ചില പശ്ചാത്തല ബിറ്റുകള്‍ക്കായി ഞാന്‍ ഉപയോഗിച്ചു, ”ഷബീര്‍ പറഞ്ഞു.

പാട്ട് പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തോളമെടുത്തു. സംഗീതസംവിധായകനും ഗാനരചയിതാവിനും സിംഗപ്പൂരില്‍ നിന്നും ഇന്ത്യയില്‍ നിന്നും ജോലി ചെയ്യേണ്ടി വന്നു. മിക്‌സിംഗിനും മാസ്റ്ററിംഗിനും പ്രധാനമായും നെതര്‍ലാന്‍ഡിലെ ഒരു സ്റ്റുഡിയോയില്‍ നിന്ന് സൗണ്ട് എഞ്ചിനീയര്‍മാരുമായി പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ പ്രഗത്ഭരായ പല ടെക്‌നീഷ്യന്‍മാരും ഇന്‍സ്ട്രുമെന്റല്‍ ശബ്ദ വിദഗ്ധരും ഈ സംരംഭത്തിന്റെ ഭാഗമാണ്. വേണം എന്ന ഇന്‍ഡി ഗാനത്തിന്റെ വേള്‍ഡ്-വൈഡ് വിതരണവും ലേബലും നിയന്ത്രിക്കുന്നത് ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്.

ആറു മിനിറ്റ് ദൈര്‍ഘ്യമെന്നത് സാധാരണമല്ല. ഈ മൂവര്‍ സംഘം പറയുന്നതനുസരിച്ച്, പരീക്ഷണാത്മകവും കൃത്യമായ കാഴ്ചപ്പാടുമുള്ള ഈ പാട്ടിന്റെ ഒഴുക്കിനതനിവാര്യമായിരുന്നു. അതുകൊണ്ടായിരിക്കാം വേണം എന്ന പാട്ട് വേറിട്ടുനില്‍ക്കുന്നതും സംഗീത പ്രേമികളതിനെ സ്വീകരിക്കുന്നതും.