തമിഴ്‌നാട്ടുകാരനോട് ഹിന്ദി പഠിച്ചുവരാന്‍ ഉപദേശം ; വിവാദമായപ്പോള്‍ വിശദീകരണവുമായി സൊമാറ്റോ

തമിഴ് ജനതയെ ചൊറിഞ്ഞത് പാരയായപ്പോള്‍ വിശദീകരണവും സോപ്പിടലുമായി സൊമാറ്റോ. തമിഴ് ഉപഭോക്താവിനോട് ഹിന്ദി പഠിച്ചുവരാന്‍ പറഞ്ഞ കസ്റ്റമര്‍ കെയര്‍ ജീവനക്കാരനെ പുറത്താക്കിയതിനു പിന്നാലെയാണ് പ്രതികരണവുമായി സൊമാറ്റോ രംഗത്ത് വന്നിരിക്കുന്നത്. ജീവനക്കാരന്റെ പരാമര്‍ശം തങ്ങളുടെ നിലപാടല്ലെന്ന് കമ്പനി വ്യക്തമാക്കി. തമിഴിലും ഇംഗ്ലീഷിലും വിശദീകരണക്കുറിപ്പിറക്കിയാണ് സമൂഹമാധ്യമങ്ങളില്‍ ആളിക്കത്തുന്ന പ്രതിഷേധം അണയ്ക്കാന്‍ കമ്പനിയുടെ നീക്കം. തമിഴ്നാട്ടില്‍നിന്നുള്ള വികാശ് എന്ന ഉപഭോക്താവാണ് സോമാറ്റോ വഴി കഴിഞ്ഞ ദിവസം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, സാധനം കൈയില്‍കിട്ടിയപ്പോള്‍ ഒരു ഇനത്തിന്റെ കുറവുണ്ടായിരുന്നു.

തുടര്‍ന്ന് പണം തിരികെനല്‍കണമെന്ന് ആവശ്യപ്പെട്ട് വികാശ് കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു.തമിഴരുടെ ഹിന്ദി വിരോധം അറിയാത്ത ആരോ ആണ് ആ സമയം കസ്റ്റമര്‍ കെയര്‍ സര്‍വീസില്‍ ഇരുന്നത് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ആണ് പിന്നീട് ഉണ്ടായത്. ഹിന്ദി അറിയാത്തതുകാരണം റീഫണ്ട് ചെയ്യാനാകില്ലെന്നായിരുന്നു കസ്റ്റമര്‍ കെയറില്‍നിന്ന് ലഭിച്ച മറുപടി. ഇന്ത്യക്കാരനായതുകൊണ്ടു തന്നെ ഹിന്ദി പഠിച്ചിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നും അതുകൊണ്ടു തന്നെ എല്ലാവരും ഭാഷ അറിഞ്ഞിരിക്കേണ്ടതാണെന്നും കസ്റ്റമര്‍ കെയര്‍ വ്യക്തമാക്കി. ഇക്കാര്യം സൂചിപ്പിച്ച് സ്‌ക്രീന്‍ഷോട്ടുകളടക്കം വികാശ് ട്വീറ്റ് ചെയ്തതോടെ വിഷയം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. സൊമാറ്റോ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡായി. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും ഹിന്ദിയെ ദേശീയഭാഷയായി തെറ്റായി അവതരിപ്പിക്കുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നു. Reject_Zomato, HindiIsNotNationalLanguage, stopHindiImposition, aHindi_Theriyathu_Poda തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ഏറെനേരം ട്രെന്‍ഡായി.

ഇതിനുപിറകെയാണ് ജീവനക്കാരനെ പുറത്താക്കി സൊമാറ്റോ വിശദീകരണക്കുറിപ്പിറക്കിയത്. ‘വണക്കം തമിഴ്നാട്’ എന്ന അഭിസംബോധനയോടെയായിരുന്നു സൊമാറ്റോയുടെ ഔദ്യോഗിക പ്രസ്താവന. ഭാഷാവൈവിധ്യങ്ങളോടുള്ള കമ്പനിയുടെ നിലപാടല്ല കസ്റ്റമര്‍ കെയര്‍ ജീവനക്കാരന്‍ പറഞ്ഞതെന്ന് കുറിപ്പില്‍ വിശദീകരിച്ചു. ഉടന്‍ തന്നെ സൊമാറ്റോയുടെ തമിഴ് പതിപ്പ് പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍, പിന്നീട് ജീവനക്കാരനെ പിരിച്ചുവിട്ട നടപടി കമ്പനി പിന്‍വലിച്ചു. ഒരാളെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ മാത്രമുള്ള കാരണമല്ല ഇതെന്നായിരുന്നു സൊമാറ്റോ സഹസ്ഥാപകന്‍ ദീപിന്ദര്‍ ഗോയലിന്റെ വിശദീകരണം. അജ്ഞതമൂലമുള്ള തെറ്റായിരുന്നു അതെന്നും രാജ്യത്തെ സഹിഷ്ണുത ഇനിയും കൂടുതല്‍ ഉയരാനുണ്ടെന്നും ദീപിന്ദര്‍ കൂട്ടിച്ചേര്‍ത്തു.