കോണ്‍ഗ്രസ് ബുദ്ധി ഫലം കണ്ടു ; ചെല്ലാനത്ത് എല്‍ഡിഎഫിന് ഭരണം നഷ്ടമായി

കോട്ടയത്തെ ചതിക്ക് ചെല്ലാനത്ത് മറുപടി നല്‍കി കോണ്‍ഗ്രസ്. എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി 20 – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്. കിഴക്കമ്പലം മോഡലിന്റെ ചുവട് പിടിച്ചാണ് ചെല്ലാനത്തും ട്വന്റി ട്വന്റി രൂപീകരിച്ചത്. സംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റും നേടി. ഇടതു മുന്നണിക്ക് ഒമ്പതും കോണ്‍ഗ്രസിന് നാലും സീറ്റാണ് തെരഞ്ഞെടുപ്പില്‍ കിട്ടിയത്. എന്നാല്‍ ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്ന് ഭരണം പിടിക്കാന്‍ അന്ന് കോണ്‍ഗ്രസ് തയ്യാറായില്ല. ഒരു ചര്‍ച്ച പോലും നടന്നില്ല എന്നതാണ് വസ്തുത. അരാഷ്ട്രീയവാദികള്‍ എന്ന മുദ്രയും കുത്തി.

എന്നാലിപ്പോള്‍ ആ നിലപാട് കോണ്‍ഗ്രസ് മാറ്റി. ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് ഇടതു ഭരണത്തെ അട്ടിമറിക്കാന്‍ കോണ്ഗ്രസ് തീരുമാനിക്കുകയായിരുന്നു. പുതിയ ഭരണത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിന്റ് സ്ഥാനം ഏറ്റെടുത്ത് ?പ്രസിഡന്റ് സ്ഥാനം ട്വന്റി ട്വന്റിക്ക് നല്‍കുമെന്നാണ് വിവരം. ഇടതുമുന്നണി പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുകയും വികസനം അട്ടിമറിക്കുകയും ചെയ്യുന്നുവെന്നാണ് പുതിയ നയത്തിനുള്ള കോണ്‍ഗ്രസ് ന്യായീകരണം. ഇത് അവസരവാദ കൂട്ടൂകെട്ടെന്നാണ് ഇടതു മുന്നണി ആരോപണം. ഭാവിയില്‍ കോണ്‍ഗ്രസിന് തന്നെ ഇത് തിരിച്ചടിയാകുമെന്നും സിപിഎം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം ആര്‍ എസ് എസ് , എസ് ഡി പി ഐ എന്നിവരുമായി വരെ തദ്ദേശ സ്വയംഭരണ തലത്തില്‍ എല്‍ ഡിഎഫ് കക്ഷി ചേര്‍ന്നു ഭരണം പിടിച്ചെടുത്തതിന് ഉള്ള മറുപടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നല്‍കിയത്.