മഴ ശക്തമായി ; പാലക്കാടും പെരിന്തല്‍മണ്ണയിലും ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. എന്നാല്‍ ആളപായമില്ല എന്നാണ് ആദ്യ റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലും ഇടുക്കിയിലും കനത്ത മഴ പെയ്യുകയാണ്. പെരിന്തല്‍മണ്ണയില്‍ നേരിയ ഉരുള്‍പൊട്ടല്‍ മലപ്പുറം പെരിന്തല്‍മണ്ണ താഴെക്കോട് ഉരുള്‍ പൊട്ടലുണ്ടായി. അരക്കുപറമ്പ് മാട്ടറക്കലിലാണ് നേരിയ ഉരുള്‍പൊട്ടലുണ്ടായത്. മാട്ടറക്കല്‍ മുക്കില പറമ്പിന്റെ മുകളിലുള്ള മേഖലയിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. മേഖലയില്‍ നിന്ന് അറുപതോളം കുടുംബങ്ങളെ നേരത്തെ തന്നെ മാറ്റിയിരുന്നു.

ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ മഴ പെയ്യുകയാണ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. ദുരന്തമുണ്ടായ കൊക്കയാറിലും മഴയുണ്ട്. പാലക്കാട് മംഗലം ഡാം പരിസരത്ത് രണ്ടിടത്തു ഉരുള്‍പൊട്ടി. മംഗലം ഡാം വിആര്‍ടിയിലും ഓടത്തോട് പോത്തന്‍തോടിലുമാണ് ഉരുള്‍പൊട്ടിയത്. അളപായമില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. മലവെള്ളപാച്ചിലില്‍ വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളാണ് ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളെന്നാണ് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയത്. റവന്യു വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.