50 ലക്ഷം വരെ ബിസിനസ് ലോണുമായി ഫേസ്ബുക്ക്

ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി സോഷ്യല്‍ മീഡിയാ ഭീമനായ ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നല്‍കുന്നത്. ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ‘ഇന്‍ഡിഫൈ’യുമായി സഹകരിച്ചാണ് ഇന്ത്യയില്‍ ഇവര്‍ പദ്ധതി നടപ്പിലാക്കുന്നത്. ലോണിന് പ്രോസസിങ് ഫീ ഒന്നും ഈടാക്കുന്നില്ലെന്നും, അപേക്ഷയും രേഖകളും പരിശോധിച്ച് ലോണ്‍ അപ്രുവല്‍ ആയാല്‍ മൂന്നു ദിവസത്തിനകം തുക നല്‍കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. ബിസിനസിന്റെ ആവശ്യം അനുസരിച്ച് രണ്ട് ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ, 17 മുതല്‍ 20 ശതമാനം വരെ വാര്‍ഷിക പലിശനിരക്കിലാണ് ലോണ്‍ നല്‍കുന്നത്.

ഫേസ്ബുക്കിലോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലോ 180 ദിവസമെങ്കിലും പരസ്യം ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് പലിശനിരക്കില്‍ നേരിയ ഇളവുണ്ടാകും. അപേക്ഷ ലഭിച്ച് ഒരു ദിവസത്തിനുള്ളില്‍ ലോണ്‍ അപ്രുവ് ചെയ്യുകയോ നിരസിക്കുകയോ ചെയ്തുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സംരംഭങ്ങള്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഇതില്‍ നിന്ന് തങ്ങള്‍ പണമൊന്നും ഈടാക്കുന്നില്ലെന്നും ലോണ്‍ നല്‍കാനുള്ളതടക്കമുള്ള തീരുമാനങ്ങള്‍ ഇന്‍ഡിഫൈയുടേതായിരിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.