ഭക്തിനിറവില്‍ കൊരട്ടിമുത്തി മാതാവിന്റെ തിരുന്നാള്‍ വിയന്നയില്‍ ആഘോഷിച്ചു
വിയന്ന: ഓസ്ട്രിയയിലെ മരിയഭക്തരായ മലയാളി വിശ്വാസി സമൂഹം കൊരട്ടി മുത്തിയുടെ തിരുനാള്‍ ആഘോഷിച്ചു. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്റെ വികാരി ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി നേതൃത്വം നല്കി. ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോയല്‍ കോയിക്കര മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തോമസ് കൊച്ചുചിറയും, ഫാ. ഡിന്റോ പ്ലാക്കലും സഹകാര്‍മികരായിരുന്നു.
പ്രവാസി മലയാളികളായ കൊരട്ടിമുത്തി ഭക്തര്‍ 2012-ലാണ് യൂറോപ്പില്‍ ഓസ്ട്രിയയുടെ തലസ്ഥാന നഗരിയായ വിയന്നയില്‍ കൊരട്ടി മുത്തിയുടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഈ വര്‍ഷം തിരുന്നാളിന്റെ പത്താംവാര്‍ഷികം വിപുലമായി ആഘോഷിക്കുകയായിരുന്നു. തിരുന്നാളിലെ പ്രധാന വഴിപാടായ പൂവന്‍കുല എടുത്തു വക്കലും, നൊവേനയും, ലദീഞ്ഞും, മെഴുകുതിരി പ്രദക്ഷിണവും ഭക്തിസാന്ദ്രമായി.
അത്ഭുത പ്രവര്‍ത്തകയായ കൊരട്ടിമുത്തി യുടെ കാരുണ്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ഫാ. ഡിന്റോ പ്ളാക്കല്‍ സന്ദേശം നല്കി. സിറിയക് ചെറുകാടിന്റെ നേതൃത്വത്തില്‍ ദിവ്യബലി ഗാനങ്ങള്‍ തിരുനാള്‍ ശുശ്രുഷ ഏറെ ഹൃദ്യമാക്കി. കോര്‍ഡിനേറ്റര്‍മാരായ ഡെന്നി കുന്നത്തൂരാന്‍ പ്രദക്ഷിണത്തിനു മേല്‍നോട്ടം വഹിക്കുകയും ബീന തുപ്പാത്തി കൃതജ്ഞതയര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു. ചെറിയാച്ചന് മാലിയാംപുരക്കല്, ഫോട്ടോഗ്രാഫര്‍ ജിസ്മോന് പെരേപ്പാടന്, ഫ്രാന്‍സിസ് നിലവൂര്‍, ജസ്റ്റിന് സ്രാമ്പിക്കല്‍, മാത്യൂസ് ചെല്ലക്കുടം തുടങ്ങിയവരും അലങ്കാരങ്ങള്‍ക്കു നേതൃത്വം നല്കിയവരുമെല്ലാം തിരുനാള്‍ ആഘോഷം മറക്കാനാവാത്ത അനുഭവമാക്കി.
ഭക്ത ജനങ്ങള്‍ നേര്‍ച്ചയായി കൊണ്ടുവന്ന തിരുന്നാള്‍ പലഹാരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള സ്നേഹ വിരുന്നും നടന്നു. അതേസമയം നേര്‍ച്ചയിലൂടെ ലഭിക്കുന്ന തുക കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
അടുത്ത വര്‍ഷത്തെ തിരുന്നാള്‍ ഒക്ടോബര്‍ 15ന് വിയന്നയില്‍ ആഘോഷിക്കുമെന്ന് തിരുനാള്‍ കമ്മിറ്റിക്കു വേണ്ടി പോള്‍ മാളിയേക്കല്‍, തോമസ് നാല്‍പ്പാടന്‍, സണ്ണി വെളിയത്ത് അറിയിച്ചു.