കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരെയും 23 ജനറല്‍ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. 28 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ ശക്തന്‍, വി.ടി ബല്‍റാം, വി.ജെ പൗലോസ്, വി.പി സജീന്ദ്രന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. എ.എ ഷുക്കൂര്‍, ഡോ. പ്രതാപവര്‍മ തമ്പാന്‍, അഡ്വ. എസ് അശോകന്‍, മരിയപുരം ശ്രീകുമാര്‍, കെ.കെ എബ്രഹാം, സോണി സെബാസ്റ്റിയന്‍, അഡ്വ. കെ ജയന്ത്, അഡ്വ. പി.എം നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, സി ചന്ദ്രന്‍, ടി.യു രാധാകൃഷ്ണന്‍, അഡ്വ. അബ്ദുല്‍ മുത്തലിബ്, അഡ്വ. ദീപ്തി മേരി വര്‍ഗീസ്, ജോസി സെബാസ്റ്റിയന്‍, പി.എ സലിം, അഡ്വ. പഴകുളം മധു, എം.ജെ ജോബ്, കെ.പി ശ്രീകുമാര്‍, എം.എം നസീര്‍, ആലിപ്പറ്റ ജമീല, ജി.എസ് ബാബു, കെ.എ തുളസി, ജി. സുബോധന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
മതിയായ കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സമര്‍ത്ഥരായ നേതാക്കള്‍ ആണ് എല്ലാവരും. സെക്രട്ടിമരുടെ പട്ടിക വരുമ്പോള്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകും. പാര്‍ട്ടി നന്നാവണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതിഷേധിക്കില്ല. സാമുദായിക സംവരണം പൂര്‍ണമായും പാലിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പില്‍ ഉള്ളവര്‍ തന്നെയാണ് പട്ടികയില്‍ ഉള്ളതെന്ന് കെ സുധാകരന്‍ പറഞ്ഞു. സ്ത്രീകള്‍ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിര്‍ബന്ധമില്ല. രമണി പി നായര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ ചില കാരണങ്ങള്‍ പേര് പിന്‍വലിക്കാന്‍ കാരണമായി. സുമ ബാലകൃഷ്ണന്‍ പാര്‍ട്ടിയില്‍ സജീവമാകാന്‍ പറ്റുന്ന സാഹചര്യത്തില്‍ ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചര്‍ച്ച നടത്തിയതാണെന്ന് സുധാകരന്‍ പറഞ്ഞു. കെ സി വേണുഗോപാല്‍ ലിസ്റ്റില്‍ ഇടപെടില്ല. പട്ടികയ്ക്ക് എതിരെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇതുവരെ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഭാരവാഹി ആയിരുന്നു. അതില്‍നിന്ന് ആശ്വാസമുണ്ട്. നല്‍കിയ പട്ടികയില്‍ ഹൈക്കമാന്‍ഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.