പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമില്ല ; കുഞ്ഞിന് വേണ്ടി നാളെ മുതല്‍ നിരാഹാരം എന്ന് അനുപമ
അച്ഛനും അമ്മയും തന്നില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നാളെ മുതല്‍ നിരാഹാരം കിടക്കുമെന്ന് അനുപമ എസ് ചന്ദ്രന്‍. സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കാനാണ് തീരുമാനം. പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷന്‍ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ വീണ്ടെടുക്കാന്‍ ഒപ്പം നില്‍ക്കുമെന്ന സിപിഎം വാഗ്ദാനത്തില്‍ വിശ്വാസമില്ല .മുന്‍ എസ് എഫ് ഐ നേതാവാണ് അനുപമ. പാര്‍ട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറയുന്ന പല കാര്യങ്ങളും തെറ്റാണ്. തന്റെ പരാതി സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. നേരിട്ട് വന്ന് പരാതി തന്നിട്ട് കാര്യമില്ലെന്നാണ് സിഡബ്ല്യുസി പറഞ്ഞതെന്നും അനുപമയും ഭര്‍ത്താവ് അജിത്തും പറഞ്ഞു.
അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു നേരത്തെ ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. കുഞ്ഞിനെ വീണ്ടെടുക്കാനുള്ള അമ്മയുടെ ശ്രമങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ നല്‍കും. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ അനുപമയുടെ പരാതി പരിഹരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടു എന്ന് പി കെ ശ്രീമതി പറഞ്ഞു. അനുപമയുടെ പരാതിയെക്കുറിച്ച് താന്‍ അറിഞ്ഞത് വൃന്ദ കാരാട്ട് പറഞ്ഞാണ്. വീണ്ടും പരാതി നല്‍കാന്‍ അനുപമയോട് താന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോട് താന്‍ വിവരം ധരിപ്പിച്ചു. കോടതിയെ സമീപിക്കാനും താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും പി കെ ശ്രീമതി പറഞ്ഞു. അനുപമയുടെ പരാതിയില്‍ പിതാവും സി പി എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗവുമായ പി എസ് ജയചന്ദ്രന്‍, മാതാവ് സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റും ദളിത് ക്രിസ്ത്യനുമായ അജിത്തുമായുള്ള മകള്‍ അനുപമയുടെ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തു. എന്നാല്‍, ഈ ബന്ധത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശേഷം, സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്‍പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. പിന്നീട് കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷാകര്‍ത്താക്കള്‍ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. എന്നാല്‍, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ ഏല്‍പിച്ചതെന്നായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
ഈ വര്‍ഷം ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ ആണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയും തുടര്‍വാര്‍ത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതല്‍ പുറത്ത് കൊണ്ടുവരികയം വിവാദം ശക്തമാകുകയം ചെയ്തതോടെയാണ് അധികൃതര്‍ കണ്ണ് തുറന്നത്. തുടക്കം മുതല്‍ ഒളിച്ചുകളിച്ച പൊലീസും ഒടുവില്‍ അനങ്ങി തുടങ്ങി. പൊലീസ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം തേടി. സിഡബ്ല്യൂസിയുമായി കാര്യങ്ങള്‍ ചോദിച്ചറിയുകയാണ്. കുട്ടി ദത്ത് പോയതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന മറുപടിയാന്‍ണ് ശിശുക്ഷേമ സമതി നല്‍കിയത്. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ദത്ത് നടപടി പൂര്‍ത്തിയായി എന്നിരിക്കെ ഇനി സര്‍ക്കാരും പോലീസും എടുക്കുന്ന നടപടിയാണ് ഏറെ ശ്രദ്ധേയമാവുക.