ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജ്ജിന് അനുമതി ലഭിക്കുക. ഇന്ത്യയുടെയും സൗദിയുടെയും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാര്‍ഗനിര്‍ദേശമിറക്കാനും തീരുമാനമായി. അടുത്ത മാസം ആദ്യവാരം മുതല്‍ തന്നെ നടപടികള്‍ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
ഹജ്ജ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ്വി പറഞ്ഞു, ഹജ്ജ് 2022 ന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ ആദ്യവാരം ഉണ്ടാകുമെന്നും അതോടൊപ്പം ഹജ്ജിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയയും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മക്കയിലെയും മദീനയിലെയും താമസവും ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ്, ‘ഇ-മാസിഹ’ ഹെല്‍ത്ത് ഫെസിലിറ്റി, ‘ഇ-ലഗേജ് പ്രീ-ടാഗിംഗ്’ എന്നിവ എല്ലാ ഹജ് തീര്‍ത്ഥാടകര്‍ക്കും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യന്‍ സര്‍ക്കാരിന്റെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ആരോഗ്യവും കോവിഡ് -19 പ്രോട്ടോക്കോളുകളും കണക്കിലെടുത്ത് ഹജ്ജ് 2022-നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.