എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎസ്എഫ് വനിതാ നേതാവ്
എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎസ്എഫ് വനിതാ നേതാവ്. ഇന്നലെ എം ജി സര്‍വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കിടെ തന്റെ മാറിടത്തില്‍ പിടിച്ച് ലൈംഗികമായി അതിക്രമിച്ചു എന്നാണ് കോട്ടയം ഗാന്ധി നഗര്‍ പോലീസിന് എഐഎസ്എഫ് സംസ്ഥാന ചുമതലയുള്ള നേതാവ് നല്‍കിയിരിക്കുന്ന മൊഴി. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പയ്ക്ക് ഇന്നലെ ഇ-മെയില്‍ വഴി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് ഗാന്ധിനഗര്‍ പോലീസിന് കൈമാറിയത്. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നേരിട്ടെത്തി മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എങ്കിലും ചികിത്സയിലായതിനാല്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇന്ന് പുറത്തിറങ്ങിയ ശേഷം പെണ്‍കുട്ടി ഗാന്ധിനഗര്‍ പൊലീസിലെത്തി മൊഴി നല്‍കിയത്.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അക്രമത്തിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. ‘തന്തയില്ലാത്ത കുട്ടിയെ നിനക്ക് വേണോ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു അക്രമമെന്ന് മൊഴിയില്‍ പറയുന്നു. ഇന്നലെ എം ജി സര്‍വകലാശാല ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ വനിത നേതാവ് അടക്കം നാല് എഐഎസ്എഫ് നേതാക്കള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഒരുമിച്ച് മത്സരിച്ചിരുന്ന രീതിയാണ് ഇരുസംഘടനകളും സ്വീകരിച്ചിരുന്നത്. ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങള്‍ നടന്നു. ചര്‍ച്ചകളില്‍ എസ്എഫ്‌ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെയാണ് ഒറ്റക്കു മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം പറയുന്നു. ഇതോടെയാണ് എസ്എഫ്‌ഐ പ്രതികാരത്തോടെ ആക്രമണം നടത്തിയതെന്നാണ് പെണ്‍കുട്ടിയുടെ ആക്ഷേപം.
സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, മര്‍ദനം, ജാതിപേര് വിളിച്ച് അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് .വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അരുണ്‍ അടക്കമുള്ളവരാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. പരാതിക്കാരിയായ എഐഎസ്എഫ് വനിത നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 7 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്ചുമത്തിയിരിക്കുന്നത്. എസ് എഫ് ഐ പ്രവര്‍ത്തകരായ ടോണി , ഷിയാസ് , ഹര്‍ഷോ, സുബിന്‍, പ്രജിത്ത്, ദീപക്ക്, അമല്‍ എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ആരോപങ്ങളില്‍ നിന്ന്പിന്നോട്ട് പോകാനില്ലെന്നാണ് വനിത നേതാവ് പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എസ്എഫ്‌ഐ നേതൃത്വം പ്രതികരിച്ചു. എസ്എഫ്‌ഐക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാനാണ് എഐഎസ്എഫ് തീരുമാനം.