സില്‍വര്‍ ലൈന് ; കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് കേന്ദ്രത്തിന്റെ ചുവന്ന കൊടി. വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. കടബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനാകുമോയെന്നും റെയില്‍വേ മന്ത്രാലയം ആരാഞ്ഞു. എന്നാല്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി. എതിര്‍പ്പുകള്‍ക്ക് ഇടയിലും സ്വപ്നപദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയിലാണ് പ്രതിസന്ധി. മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം വ്യക്തമാക്കി.
വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്ന 33 ,700 കോടി രൂപ കേരളം വഹിക്കണമെന്ന് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ഇത്രയും തുക വായ്പനെടുക്കാനായിരുന്നു ശുപാര്‍ശ. എന്നാല്‍ വായ്പ ബാധ്യത ഏറ്റെടുക്കുന്നതില്‍ പരിശോധിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാനം മറുപടി നല്‍കിയിട്ടുണ്ട്. സില്‍വര്‍ ലൈനിനെ കൂടുതല്‍ പ്രായോഗികമാക്കാനുള്ള മാര്‍ഗങ്ങളാണ് ആലോചിക്കുന്നതെന്നും മന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.
പദ്ധതിക്ക് അന്തിമാനുമതി തേടാന്‍ ശ്രമിക്കുന്ന കേരളത്തെ ആശങ്കയിലാക്കുന്നതാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ഈ ഈ നിലപാട്. വരുന്ന നവംബര്‍ ആദ്യവാരത്തോടെ സില്‍വര്‍ റെയിലുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍വെ മന്ത്രി, റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറി, കെ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 63,941 കോടിയാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ ലൈന്‍ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. ഇതില്‍ 2150 കോടി രൂപയാണ് കേന്ദ്രവിഹിതം. പ്രതിപക്ഷത്തിന്റെ എതിര്‍പും കേന്ദ്രസര്‍ക്കാരിന്റെ സഹകരണ കുറവും മറി കടന്ന് പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നത് സര്‍ക്കാരിന് വെല്ലുവിളി ഇരട്ടിയാക്കും. പദ്ധതി സംസ്ഥനത്തിനു വന്‍ കടബാധ്യത ഉണ്ടാക്കി വെക്കും എന്ന് വ്യക്തമായതിനു ശേഷവും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കനത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.