ഇന്ത്യയിലും മുസ്ലിം വിരുദ്ധ പ്രവര്‍ത്തനം നടത്തി ഫേസ്ബുക്ക്

പലസ്തീന്‍ വിഷയത്തിന് സമാനയായി ഇന്ത്യയിലും വര്‍ഗീയ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും നീക്കുന്നതില്‍ ഫേസ്ബുക്ക് പക്ഷപാതിത്വപരമായി ഇടപെട്ടുവെന്ന് റിപ്പോര്‍ട്ട്. 2019 ഡിസംബറിലും ശേഷവും ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ അക്രമങ്ങളെ സഹായിച്ചുവെന്ന് ഫേസ്ബുക്കില്‍ നിന്നും ചോര്‍ന്ന് കിട്ടിയ ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ പൗരത്വ നിയമ വിരുദ്ധ സമരങ്ങള്‍ ശക്തമായി നടന്ന 2019 ഡിസംബറിനെ തുടര്‍ന്നുള്ള മാസങ്ങളില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന ഉള്ളടക്കം 300 ശതമാനത്തോളം വര്‍ധിച്ചുവെന്നും രേഖകളില്‍ പറയുന്നു.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുസ്ലിം വിരുദ്ധ അതിക്രമങ്ങള്‍ അരങ്ങേറിയ സമയത്തും മുസ്ലിംകള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയുന്ന സന്ദേശങ്ങള്‍ ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിലൂടെ വ്യാപകമായി പ്രചരിച്ചുവെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയുന്നു. അക്രമം, വിദ്വേഷം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് തങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ഏറ്റവും കൂടുതല്‍ ലഭിക്കുന്നതെന്ന് ഇന്ത്യയിലെ ഉപയോക്താക്കള്‍ അഭിപ്രായപെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിംകളാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നും മുസ്ലിംകള്‍ ഹിന്ദു സ്ത്രീകളെ കല്യാണം കഴിച്ച് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

‘ ഹിന്ദുക്കള്‍ അപകടത്തിലാണ്. മുസ്ലിംകള്‍ നമ്മളെ കൊല്ലാന്‍ പോവുകയാണ്’ – തനിക്ക് നിരന്തരം വാട്‌സ്ആപിലും ഫേസ്ബുക്കിലും ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഡല്‍ഹി സ്വദേശിയായ ഹിന്ദു യുവാവ് ആഭ്യന്തര രേഖകള്‍ തയാറാക്കിയ ഗവേഷകരോട് പറഞ്ഞു. തന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്നു മുംബൈ സ്വദേശിയായ മുസ്ലിം യുവാവ് പറഞ്ഞു. ‘ ഇത് വളരെയധികം പേടിപ്പെടുത്തുന്നതാണ്’ – അദ്ദേഹം പറഞ്ഞു. തങ്ങളുടെ സേവനങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ സംബന്ധിച്ച് വര്‍ഷങ്ങളായി ഫേസ്ബുക്കിന് അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ ഇതില്‍ കമ്പനി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഈ രേഖകള്‍ സൂചിപ്പിക്കുന്നതെന്ന് ഡിജിറ്റല്‍ മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ പാലസ്തീന്‍ വിഷയത്തില്‍ സമാനമായ ഇടപെടല്‍ നടത്തി എന്ന പേരില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് എതിരെ ഫേസ്ബുക്ക് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.